Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിജീവനത്തിന്റെ രംഗഭാഷ

text_fields
bookmark_border
അതിജീവനത്തിന്റെ രംഗഭാഷ
cancel
camera_alt

ഗിരീഷ് പി.സി പാലം

‘പൊന്നിൻ ചെറുപാലം എന്നതിന്‍റെ ചുരുക്കപ്പേരാണ് പി.സി പാലം. പേര് സൂചിപ്പിക്കുന്നതുപോലെ അതൊരു ചെറിയ പാലമല്ല. അവിടത്തുകാരുടെ എളിമയുടെയും സ്നേഹത്തിന്‍റെയും പ്രതീകമായി മാത്രം അതിനെ കണ്ടാൽ മതി. അവിടത്തെ നീലപ്പുഴയുടെ രണ്ടുകരകളെ ബന്ധിപ്പിക്കുന്ന ആ മനോഹരമായ പാലം ഇന്ന് ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. നിങ്ങൾ പി.സി പാലത്തേക്ക് വരൂ. ഇവിടത്തെ നീലപ്പുഴയിൽ സാൽമൺ മത്സ്യങ്ങൾ പുളയുന്നത് കാണാം. ചീനവലയിൽ കുരുങ്ങിയ ചെറുമീനുകൾ മുട്ടോളം ചാടുന്നത് കാണാം. പുഴയിലെ തോണിക്കാർ വെള്ളിച്ചില്ലുകൾ നോക്കി വലവീശുന്നത് കാണാം. ചെമ്പരന്തുകൾ വട്ടമിട്ട് പറക്കുന്നതും കുഞ്ഞുകുരുവികൾ കൂട്ടത്തോടെ വന്ന് ഇരതേടുന്നതും ഇതേ പുഴയിലാണ്. കൂറ്റൻ പാലത്തിനു മുകളിലിരുന്ന് വിദേശികൾക്കൊപ്പം ചൂണ്ടയിട്ട് രസിക്കാം...’

(പൂമ്പാറ്റച്ചിറകുള്ള സ്വപ്നങ്ങൾ- ഗിരീഷ് പി.സി പാലം)

ഗിരീഷ് പി.സി പാലം എന്ന കലാകാരൻ തന്‍റെ ദേശത്തെക്കുറിച്ച് എഴുതിയതാണ് മുകളിൽ. കലക്കുവേണ്ടി സമർപ്പിച്ചൊരു ജീവിതമാണ് ഗിരീഷിേന്‍റത്. അത് തിരിച്ചറിഞ്ഞ കുറെ മനുഷ്യർ ഒപ്പമുള്ളതാണ് ഗിരീഷിന്‍റെ വിജയം. ആ വിജയത്തിന്‍റെ കഥയാണിവിടെ.

ശരിക്കും പറഞ്ഞാൽ, അതിജീവനത്തിന്‍റെ രംഗഭാഷ ഒരുക്കിയിരിക്കുകയാണ് ഗിരീഷ് പി.സി പാലം. അതാണ് ‘അനാമികളുടെ വിലാപങ്ങൾ’ എന്ന നാടകം. വെല്ലുവിളികൾ നിറഞ്ഞ ജീവിത പരിസരത്തുനിന്നാണ് ഈ നാടകം അരങ്ങിലെത്തിയത്. സമാനതകളില്ലാത്ത അനുഭവങ്ങൾക്കൊടുവിൽ നാടകം പ്രേക്ഷകർക്ക് മുന്നിലെത്തി. ഡയാലിസിസ് കിടക്കയിൽനിന്നാണ് നാടകത്തിന്‍റെ വഴിയിൽ ഗിരീഷിപ്പോൾ സഞ്ചരിക്കുന്നത്. അതിനാൽ ഗിരീഷിന് പറയാൻ ഏറെയുണ്ടുതാനും. നാടകത്തെക്കുറിച്ച് ഗിരീഷ് പറയുന്നതിങ്ങനെ:

നാടകത്തെ അത്രമേൽ പ്രണയിച്ചൊരാൾ

നാടകത്തിനെ ഇതുപോലെ പ്രണയിച്ചൊരാൾ വേറെയില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. കാരണം, ഒടുവിൽ അരങ്ങിലെത്തിച്ചത് ‘അനാമികളുടെ വിലാപങ്ങൾ’ എന്ന നാടകമാണ്. ഡയാലിസിസ് കിടക്കയിൽ നിന്ന് നേരെ നാടകത്തിന്‍റെ അണിയറയിലേക്കെത്തിയാണ് സംവിധാനം നിർവഹിച്ചത്. കഴിഞ്ഞ കുറച്ച് നാളായി പലവിധ രോഗങ്ങളുടെ പിടിയിലായിരുന്നു ഗിരീഷ്. ലിവർ, കിഡ്നി, ഹാർട്ട് എന്നിവയെല്ലാം ജീവന് ഭീഷണിയായി നിൽക്കുകയാണ്. അപ്പോഴും നാടകവും നാടകത്തെ സ്നേഹിക്കുന്ന സുഹൃത്തുക്കളും നൽകിയ കരുത്തിലാണ് ഗിരീഷിന്‍റെ കലാജീവിതം. പുതിയ നാടകമാകട്ടെ 500രൂപ ടിക്കറ്റെടുത്ത് രണ്ട് ഷോയാണ് ഇക്കഴിഞ്ഞ മാസം കളിച്ചത്. അന്ന് നാടകം കാണാൻ കഴിയാതെ പോയവർക്കായി കോഴിക്കോട് നടക്കാവ് റിഥം ഹൗസ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 17-ന് വീണ്ടും നാടകം കളിക്കുകയാണ്. മരണം മുൻപിൽ കണ്ട് പൂർത്തിയാക്കിയ നാടകം അരങ്ങിലെത്തിയപ്പോൾ ഗിരീഷ് പുതിയ സ്വപ്നങ്ങൾ കാണുകയാണ്. എഴുതി പൂർത്തിയാകാതെ കിടക്കുന്ന നാടകങ്ങൾ, മനസിൽ കിടക്കുന്ന മറ്റ് എഴുത്തുകൾ എല്ലാം ഒന്നിന് പിറകെ, ഒന്നായി മനസിലുണ്ട്. ആത്മവിശ്വാസത്തോടെ കാലത്തെ കാണുകയാണ് ഗിരീഷിപ്പോൾ...

‘അനാമികളുടെ വിലാപങ്ങൾ’ പൂർത്തിയാക്കാൻ കഴിയാത്ത നാടകമാകുമെന്നാണ് കരുതിയത്. കാരണം, രണ്ടുവർഷം മുമ്പ് റിഹേഴ്സൽ ആരംഭിച്ചതാണ്. എന്നാൽ, എന്നെ പിടികൂടിയ രോഗകാരണങ്ങൾ കൊണ്ട് നിർത്തിവെക്കേണ്ടിവന്നു. ലിവർ, കിഡ്നി, ഹാർട്ട് അങ്ങനെ ഓരോ ആന്തരിക അവയവങ്ങൾ പണിമുടക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതോടെ, എനിക്കീ നാടകം പൂർത്തിയാക്കാൻ കഴിയില്ലെന്ന് ചിന്തിച്ചുതുടങ്ങി. അപ്പോഴെല്ലാം ഞങ്ങൾ നാടകം ചെയ്തുകൊണ്ടിരുന്ന ‘നാടകം പൂക്കൂന്ന കാട്’ എന്ന സംഘടന കരുത്തായി ഒപ്പംനിന്നു. അവരാണ് നാടകം കളിക്കാൻ കഴിയുമെന്ന് ആവർത്തിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ വേറെ ആരെയെങ്കിലും കൊണ്ട് നാടകം പൂർത്തീകരിക്കാൻ ശ്രമിക്കാമെന്ന് ഞാൻ കരുതിയെങ്കിലും അവർ എനിക്കായി കാത്തിരുന്നു. ഇപ്പോൾ നാടകം അരങ്ങിലെത്തിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണുള്ളത്. കോഴിക്കോടുള്ള റിഥം ഹൗസുമായി ചേർന്നാണ് അനാമികളുടെ വിലാപങ്ങൾ അരങ്ങേറിയത്. അതൊരു വലിയ വിജയം തന്നെയാണ്. ഒറ്റ ദിവസം തന്നെ ടിക്കറ്റ് വെച്ച് നാടകം രണ്ട് ഷോ കളിച്ചു. നമുക്ക് നാടകം പണം കൊടുത്ത് കാണുന്ന രീതി വളരെ കുറവാണ്. എന്നിട്ടും രണ്ട് ഷോ. വല്ലാത്ത അഭിമാനം തോന്നി. അന്ന് നാടകം കാണാൻ കഴിയാതെ പോയവർക്കായി കോഴിക്കോട് നടക്കാവ് റിഥം ഹൗസ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 17ന് വീണ്ടും നാടകം കളിക്കുകയാണ്. ‘അനാമികളുടെ വിലാപ’മെന്ന നാടകത്തെ ആഗ്രഹസാക്ഷാത്കാരം എന്ന് വിളിക്കാനാണെനിക്കിഷ്ടം. ഈ നാടകം കൂടി കളിച്ചിട്ട് മരിച്ചാൽ മതിയെന്ന ചിന്തയിലേക്ക് രോഗാവസ്ഥകൾ എന്നെ കൊണ്ടുപോയിട്ടുണ്ട്. ഇതാ, ആ ആഗ്രഹം സാധ്യമായിരിക്കുകയാണ്. വീണുപോയീന്ന് തോന്നിയിടത്തുനിന്ന് നാടകം എന്നെ നടത്തിക്കുകയാണ്...’.

കലയുടെ വഴികളിങ്ങനെ

കോഴിക്കോട് ജില്ലയിൽ പുന്നൂർ ചെറുപാലം (പി.സി പാലം) എന്ന ഗ്രാമത്തിലാണ് ഗിരീഷ് പി.സി പാലം എന്ന കലാകാരൻ ജനിച്ചത്. നാടകം, സിനിമ, സീരിയൽ മേഖലയിൽ തിരക്കഥാകൃത്തും സംവിധായകനുമായി. നിരവധി നാടകങ്ങൾ രചിച്ച്, സംവിധാനം ചെയ്തു. ‘മുഖം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമിയുടെ അമച്വർ നാടകത്തിനുള്ള അവാർഡ് ലഭിച്ചു. ഇ ഫോർ ഈഡിപ്പസ് എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഡോക്ടർ വയലാ സാകേതം അവാർഡ്, നാടക പഠനകേന്ദ്രം അവാർഡ്, കെ.പി.എ.സി തോപ്പിൽ ഭാസി അവാർഡ്, ഭരത് പി.ജെ. ആന്‍റണി അവാർഡ്, അറ്റ്ലസ് കൈരളി പുരസ്കാരം, കലാന്വയ അവാർഡ് തുടങ്ങി നാടക രചനക്കും സംവിധാനത്തിനുമായി ഒട്ടനവധി ജില്ല-സംസ്ഥാന അവാർഡുകൾ ഗിരീഷ് സ്വന്തമാക്കി. ഇതിനകം നാടകം, കവിത വിഭാഗങ്ങളിൽ പുസ്തകങ്ങൾ പുറത്തിറക്കി. ഒടുവിൽ ‘സാലിക’ എന്ന നോവലും പ്രസിദ്ധീകരിച്ചു. ഇനിയും ഏറെ എഴുതാനുള്ള ഗിരീഷ് നാടകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പറയുകയാണിവിടെ...

കുട്ടികളുടെ നാടകം എന്താവണം?

ഞാൻ ഏറ്റവും കൂടുതൽ എഴുതിയതും സംവിധാനം ചെയ്തിട്ടുള്ളതും കുട്ടികളുടെ നാടകമാണ്. കുട്ടികളുടെ നാടകത്തെക്കുറിച്ച് എനിക്ക് എന്റേതായ ചില അഭിപ്രായങ്ങളുണ്ട്. അതിൽ പ്രധാനം, കുട്ടികളുടെ നാടകം ലാളിത്യമുള്ളതായിരിക്കണം എന്നതാണ്. എളുപ്പം സംവേദനം ചെയ്യുന്ന തരത്തിലുള്ളതായിരിക്കണം. ഇന്ന് കുട്ടികളുടെ നാടകങ്ങളിൽ വലിയ വലിയ രാഷ്ട്രീയ പ്രശ്നങ്ങളാണ് ചർച്ചചെയ്യുന്നത്. ഏതൊരു മുതിർന്ന ആളിലും ഒരു കുട്ടിയുള്ളതുകൊണ്ടാണ് മുതിർന്നവരും കുട്ടികളുടെ നാടകം ഇഷ്ടപ്പെടുന്നതെന്നാണ് പറയാറുള്ളത്. പക്ഷേ, മുതിർന്നവർ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ കുട്ടികളെ കൊണ്ട് പറയിപ്പിക്കുേമ്പാൾ അത്, മത്സരത്തിനുവേണ്ടിയിട്ടുള്ളതോ, കൈയടി നേടാൻ മാത്രമുള്ളതോ ആയിത്തീരുന്നു. ഒപ്പം, ഭ്രമിപ്പിക്കുന്ന അരങ്ങുകളുണ്ടാക്കിയിട്ട് വിസ്മയിപ്പിക്കുന്ന തരത്തിലാണ് കുട്ടികളുടെ നാടകം മാറുന്നത്. ഇതുപറയുേമ്പാൾ കേരളത്തിൽ കുട്ടികൾക്കായി എടുത്തുപറയാവുന്ന തിയറ്റർ ഇല്ല എന്ന യാഥാർഥ്യം നമ്മുടെ മുന്നിലുണ്ട്. കുട്ടികളെ സ്കൂളുകളിൽ നാടകം പഠിപ്പിക്കുന്ന ഒരു രീതി നമുക്കില്ല. എല്ലാ കുട്ടികളിലും എല്ലാ മനുഷ്യരിലും നാടകമുണ്ടെന്ന് നാം പറയുേമ്പാഴും നാടകം പഠിപ്പിക്കാനൊരു അധ്യാപകൻ സ്കൂളിലില്ല. അതൊരു അത്യാവശ്യമായിട്ടാണ് എനിക്ക് തോന്നുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച് പുറത്തിറങ്ങുന്നവരുണ്ട്. അവരിൽ ഏറെപ്പേരും മറ്റുമേഖലകൾ തേടിപ്പോവുകയാണ്. വളരെ അപൂർവം ചില മനുഷ്യർക്ക് മാത്രമാണ് നാടകത്തിന്‍റെ ഭാഗമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നത്. എവിടെ നോക്കിയാലും നാടകം കൊണ്ട് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ആളുകൾ വളരെ കുറവാണ്. നാടകം കൊണ്ട് ജീവിക്കുന്നവരുണ്ടെന്ന് പറയാറുണ്ട്. അത് വെറുതെയാണെന്നാണ് എന്‍റെ അനുഭവം.

ഇന്ന് കാലം അത്ര ശരിയല്ല

പഴയകാലത്തെ മഹത്വവത്കരിക്കുന്നില്ല. പക്ഷേ, അത്ര ധൈര്യത്തിൽ നാടകം ചെയ്യാൻ പറ്റാത്ത ഒരവസ്ഥ ഇന്ന് നിലനിൽക്കുന്നുണ്ട്. ഭരണകൂടങ്ങൾക്ക് എതിരായിട്ടോ, നിയമവ്യവസ്ഥകൾക്ക് എതിരായിട്ടോ ആണ് നമ്മുടെ നാടകങ്ങൾ ഏറെയും കളിച്ചിട്ടുള്ളത്. പക്ഷേ, ഇന്നത്തെ കാലത്ത് അത്തരത്തിൽ നാടകം കളിക്കാൻ ആരും ധൈര്യപ്പെടുന്നില്ല. കാരണം, അത്രമാത്രം ഇത്തരം കലാകാരന്മാർ ക്രൂശിക്കപ്പെടുന്നുണ്ട്. നീതിനിഷേധത്തിനെതിരെ വിരൽചൂണ്ടുന്നവർ പലതരത്തിൽ വേട്ടയാടപ്പെടുകയാണ്. നിർമാല്യമെന്ന സിനിമയിൽ പി.ജെ. ആന്‍റണി ദൈവത്തിന്‍റെ മുഖത്ത് തുപ്പുന്നുണ്ട്. അത്, ഇന്ന് അവതരിപ്പിക്കാൻ കഴിയില്ല. അതുപോലെ കെ.ടി. മുഹമ്മദിന്‍റെ കാഫിർ പോലുള്ള നാടകം ഇന്ന് കളിക്കാനേ പറ്റില്ല. ആ അവസ്ഥയിലേക്ക് നാടിനെ ഭരണകൂടം എത്തിച്ചിട്ടുണ്ട്. പുതിയ കാലം, പുതിയ പ്രേക്ഷകർ എന്തൊക്കെ വെല്ലുവിളികൾ എന്ന് ചോദിച്ചാൽ നമ്മുക്ക് നല്ല തിയറ്റർ ഇല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കോഴിക്കോടിന്‍റെ കാര്യത്തിൽ വലിയ യാഥാർഥ്യമാണിത്.

തിയറ്റർ ഇല്ലാത്തതിനാൽ നമുക്കൊരു നാടകം പ്ലാൻ ചെയ്യാൻ കഴിയില്ല. നാടകത്തെക്കുറിച്ച് വിശാലമായി ചിന്തിക്കാൻ കഴിയില്ല. ടൗൺഹാളിൽ അവതരിപ്പിക്കാൻ പറ്റുന്ന ചെറിയ നാടകം മാത്രമാണ് ചെയ്യാൻ കഴിയുന്നത്. അതിനാൽ നമ്മുടെ പ്രേക്ഷകർക്ക് നാടകത്തിന്‍റെ വളർച്ച അറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നാടകം ഇന്ന് വലിയ രീതിയിൽ വളർന്നു. വിദേശത്തെയും സ്വദേശത്തെയും വളർച്ച കാണാൻ നമ്മുടെ പ്രേക്ഷകർക്ക് കഴിയുന്നില്ല.

നാടകമാണ് ജീവൻ...

സിനിമ, നാടകം, കവിത എന്നിങ്ങനെ പലതായി ത്തീരുന്ന കലാരൂപങ്ങളിൽ നാടകം തന്നെയാണ് എനിക്ക് ജീവൻ. സിനിമ ടെക്നിക്കൽ കാര്യമാണ്. സിനിമ കൂറെക്കൂടി വിശാലമാണ്. നാടകം എഴുതി, സംവിധാനം ചെയ്യുേമ്പാഴുള്ള ബുദ്ധിമുട്ട് ഒരിക്കലും സിനിമക്ക് തോന്നിയിട്ടില്ല. സിനിമയിലെ ഒാരോ പ്രവൃത്തിക്കും നിരവധി സഹായികളുണ്ട്. സിനിമക്ക് ഒരാളെക്കൊണ്ട് ഒരിക്കൽ മാത്രമേ അഭിനയിപ്പിക്കേണ്ടി വരുന്നുള്ളൂ. നാടകത്തിലെ കഥാപാത്രമാക്കി മാറ്റുക ഏറെ പ്രയാസം തന്നെയാണ്. എഴുത്തുകാരന്‍റെയും സംവിധായകന്‍റെയും മനസ്സിലുള്ള കഥാപാത്രമാക്കി നടനെ മാറ്റാൻ ഏറെ പരിശ്രമം വേണം. കഥാപാത്രമായി നടന്‍റെ ശരീരത്തിനെയും മനസ്സിനെയും മാറ്റുന്ന പ്രക്രിയയാണ് നാടകത്തിൽ സംഭവിക്കുന്നത്.

സീരിയലിനുവേണ്ടി ഞാൻ എഴുതിയിേട്ടയുള്ളൂ. അതും ഒമ്പതെണ്ണം. അതിൽ പ്രേക്ഷകർ എന്താണോ കാണാൻ ആഗ്രഹിക്കുന്നത് അത്, എഴുതിയാൽ മതി. എന്ത് പ്രയാസങ്ങൾ ഉണ്ടെങ്കിലും നാടകമാണ് പ്രിയം. നാടകത്തിലൂടെ എഴുത്തുകാരന് പറയാനുള്ളതാണ് അരങ്ങിലെത്തുന്നത്. പ്രേക്ഷകർ സ്വീകരിച്ചാലും ഇല്ലെങ്കിലും. അത്, എഴുത്തുകാരന്‍റെയും സ്വന്തമാണ്.

എന്നാൽ, കവിത സംഭവിക്കുന്നതാണ്. കവിതക്ക് മനസ്സിന്‍റെ പിന്തുണ വല്ലാതുണ്ട്. ചിലപ്പോൾ കവിതയെഴുത്ത് എളുപ്പമാണ്. എന്നാൽ, നാടകം ഉണ്ടാക്കിയെടുക്കുന്നതാണ്. സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഷയത്തെ എതിർക്കണമെന്ന് തോന്നുേമ്പാൾ ബോധപൂർവം ഉണ്ടാക്കുന്നതാണ്. ഇതൊക്കെയാണെങ്കിലും എനിക്ക് നാടകമെഴുത്ത് എപ്പോഴും മടിപിടിച്ച ഒന്നാണ്. ഇപ്പോഴും മടികൊണ്ടും അലസതകൊണ്ടും എഴുതി പൂർത്തിയാക്കാത്ത നാടകങ്ങൾ കൈയിലുണ്ട്. എഴുതിക്കഴിഞ്ഞ നാടകം ചിലപ്പോൾ സംവിധാനം ചെയ്യുേമ്പാഴാണ് വായിക്കുക. അപ്പോൾ അപരിചിതനെപ്പോലെ ആ സ്ക്രിപ്റ്റ് നോക്കിക്കാണും. വേണ്ട തിരുത്തലുകൾ വരുത്തും. ഒരു പക്ഷേ, രോഗത്തിന്‍റെ വിവിധ തലങ്ങളിലൂടെ കടന്നുപോകുേമ്പാഴും നാടകം നൽകുന്ന ആശ്വാസം ചെറുതല്ല. നാടകത്തിന്‍റെ ഭാഗമായതിനാൽ രോഗങ്ങളെ ഭയന്ന് ജീവിക്കാൻ എനിക്ക് സമയം കിട്ടാറില്ല.

പുതിയ കാലത്തിനോട്

പുതിയ കലാകാരന്മാരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ശരിക്കും മാറേണ്ടത് ഇവിടത്തെ വിദ്യാഭ്യാസ രീതിയാണ്. ഓരോരുത്തരെയും അവരവരുടെ കഴിവുകൾക്കനുസരിച്ച് വളർത്തണം. കുട്ടികളിലെ കഴിവ് തിരിച്ചറിയലാണ് പ്രധാനം. അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് വേണ്ടത്.

വായന-ഒരു കൊലപാതകം

ഗിരീഷ്​ പി.സി പാലം

വായന മരിച്ചെന്നറിഞ്ഞ്​

കാണാനെത്തിയവരിൽ

അധികവും അക്ഷരവൈരികളായിരുന്നു

മരിച്ചിട്ട്​ ഒരുപാടായെന്ന്​ ചിലർ

അവർ മൂക്കുപൊത്തിക്കൊണ്ടാണ്​ വന്നത്​

ചിലർ ടവ്വൽ കരുതിയിട്ടുണ്ട്​.

മറ്റു ചിലർ ചൂരിദാർ ഷോളുകൊണ്ട്​

മൂക്കിനെ വരിഞ്ഞുകെട്ടി

ചിലർ ​കൊറോണാ മാസ്​ക്​

തിരഞ്ഞ്​ കണ്ടുപിടിച്ചു

പി​ന്നെയും ചിലർ

അടുത്തേക്ക്​ പോയ​​​തേയില്ല

മൂക്കുപൊത്തിയവർ അനുശോചന പ്രഭാഷണത്തിനെത്തി

‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും...’ എന്ന്​

തുടങ്ങുന്ന കവിത മനഃപാഠമാക്കി

അവർ, ​ഘോര​ഘോരം പ്രസംഗിച്ചു

സ്​കൂൾ കുട്ടികൾക്ക്​ അവർ ഒരിക്കലും തുറക്കാൻ സാധ്യ-

തയില്ലാത്ത പുസ്​തകങ്ങൾ സമ്മാനിച്ചു.

ബുദ്ധിജീവികൾ ഇങ്ങനെ കുറിച്ചു

വായന മരിച്ചതല്ല, വായനയെ കുറേപ്പേർ

ചേർന്ന്​ കൊന്നതാണ്​...

അന്വേഷണ റിപ്പോർട്ടും സാക്ഷികളും ഇല്ലാത്തതിനാൽ

കോടതി ഈ കേസ്​ വെറുതെ വിട്ടു

എഴുത്തുകാർ പേനകൾ കുത്തിപ്പൊട്ടിച്ച്​ പ്രതിഷേധിച്ചു.

അപ്പുക്കിളിയും വേലായുധനും പപ്പുവും ശ്രീധരനും

തെരുവിലിറങ്ങി കൂട്ടം തെറ്റി മേയുന്നവരായി

വാസവദത്തയും മറിയയും രാത്രിസഞ്ചാരികളായി

ചാനലുകളിൽ അന്തിചർച്ചകൾക്ക്​ വാശിയേറി.

വായന മരിച്ചിരിക്കുകയാണ്​ ഇനിമുതൽ

പുസ്​തകങ്ങളും വായനശാലകളും

കണ്ടു​കെട്ടണമെന്ന്​ സർക്കാർ തീരുമാനിച്ചു

വായനശാലകളിലെ ചില്ലലമാരകളിൽ

പുസ്​തകങ്ങൾക്ക്​ ശ്വാസംമുട്ടി

അതിൽ കിടന്ന്​

പുസ്​തകങ്ങൾ ആത്​മഹത്യാഭീഷണി മുഴക്കി

ചിലർ പുസ്​തകങ്ങൾക്ക്​ ചിതയൊരുക്കി

ബഷീറും എം.ടിയും വി.ടിയും കെ.ടിയും

മുകുന്ദനും മീരയും തകഴിയും

ഒന്നിച്ച്​ കത്തുന്ന കാഴ്ചയിൽ

പുസ്​തകങ്ങൾ കണ്ണീരൊഴുക്കി

അക്ഷരക്കണ്ണീരുകൾ അലമാരയുടെ

വിടവുകളിലൂടെ പുറത്തേക്ക്​ ഒഴുകി....

NB: വരുംകാലത്തെ ബുദ്ധിജീവികൾ ചിതലുകളായിരിക്കും. അവരാണല്ലോ ഇപ്പോൾ ഏറ്റവും കൂടുതൽ പുസ്​തകങ്ങൾ വായിക്കുന്നത്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Defying Illness, Playwright Gireesh P.C. Palam
Next Story