Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightനിലയ്ക്കാതിരിക്കട്ടെ ഈ...

നിലയ്ക്കാതിരിക്കട്ടെ ഈ കൈയടി

text_fields
bookmark_border
നിലയ്ക്കാതിരിക്കട്ടെ ഈ കൈയടി
cancel

മയക്കുമരുന്നിന്‍റെ, ലഹരിയുടെ അപായമണി കാതുകളിൽ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. പണ്ടെന്നോ പണ്ടെങ്ങാണ്ടോ കേട്ടിരുന്നൊരു കാര്യം ഇതാ നമ്മുടെ വീട്ടുമുറ്റത്തെത്തി. വീട്ടകത്തെത്താറായി. ലഹരിയുടെ കഥകൾ ഇന്ന് നമ്മളെ മത്തുപിടിപ്പിക്കുന്നില്ല. അതൊരു നിർവികാരത മാത്രം സമ്മാനിക്കുന്നു. എൻ്റീശ്വരാ എന്ന് വീണ്ടും വീണ്ടും നമ്മളെക്കൊണ്ട് ആണയിടീക്കുന്നു. ലഹരിയുടെ നീരാളിക്കൈകളിൽ കുടുങ്ങാത്തവരാണ് ഇന്ന് ഭാഗ്യവാന്മാർ. ആശ്വസിക്കാൻ വരട്ടെ. ഉമ്മറത്തു നിന്ന് അകത്തെത്തുന്ന നേരമേ ആശ്വാസത്തിന് വകയുള്ളു. അനുഭവ ഭേദ്യമാക്കുന്ന സുഖം വെറും മാജിക്കൽ ആണെന്നും എല്ലും പല്ലും മനസ്സും ഓർമയും നാഡിയും തലച്ചോറും കൂട്ടും കുടുംബവും എല്ലാം തകർക്കുന്നതാണ് റിയലിസമെന്നും എന്തേ തോന്നാത്തത്. ലഹരിക്കെതിരെ പ്രത്യാക്രമണമാണ് മികച്ച പ്രതിരോധ മാർഗമെന്ന തിരിച്ചറിവാണ് മ്മാഡ് എന്ന ഷോ സമ്മാനിച്ചത്.

നാടകമോ ബാലെയോ ഡോക്യുമെന്‍ററിയോ സിനിമയോ ഒന്നുമല്ലാത്ത എല്ലാം ഉൾച്ചേർന്ന ഒരു കലാസൃഷ്ടി. മാധ്യമ പ്രവർത്തകനും തിയറ്റർ ആർട്ടിസ്റ്റുമായ ഉല്ലാസ് മാവിലായിയാണ് ഇത് അണിയിച്ചൊരുക്കിയത്. മയക്കുമരുന്നിനെതിരായ എത്ര ചെറിയ വിരലനക്കവും വരും തലമുറയെ രക്ഷിക്കാനുള്ള പടയോട്ടമാണ്, പടപ്പുറപ്പാടാണെന്ന തിരിച്ചറിവിൽ പിറന്ന കലാരൂപം. തെയ്യങ്ങൾ കണ്ടുവളർന്ന ഉല്ലാസ് ചില ദീഭത്സരംഗങ്ങളിലേക്ക് കാവുകളിലെ തെയ്യത്തിന്‍റെ അലറൽ സന്നിവേശിപ്പിക്കുന്നുണ്ട്. ഉള്ളുലക്കുന്നുണ്ട് അവ. അങ്ങനെയങ്ങനെ ലഹരിക്കെതിരായ പ്രതിരോധത്തിൽ തന്‍റെ പങ്ക് നിർവഹിക്കുകയാണ് ഉല്ലാസ് അതിന് നിയോഗമൊരുക്കിയത് കോഴിക്കോട്ടെ കക്കോടിക്കാർ. ഒരു നല്ല കാര്യത്തിന് ഒരു നാടൊന്നിക്കുന്നതിന്‍റെ ഉദാഹരണം. അവരെ അയാൾ കഥാപാത്രമാക്കി. അതിന് മുൻപിൻ നിന്നത് നവദർശന റസിഡൻസ് അസോസിയേഷൻ അംഗങ്ങളും ഭാരവാഹികളും. കൈമെയ് മറന്ന് പ്രവർത്തിച്ച മനോജ് ടീക്കപ്പറ്റ, രവി മബേരിൽ, കെ.കെ പ്രമേഷ്, മിനി ടീക്കപ്പറ്റ... പേരുകൾ ഒരു പാട് ഉണ്ട്. കോഴിക്കോട് സിറ്റി പോലീസിൻ്റെ കരങ്ങൾ ഈ യാത്രയിൽ അവർക്ക് കരുത്തേകി. ഇതിലൂടെ നമ്മുടെ നാട്ടിൽ ലഹരി വിരുദ്ധതക്ക് വിത്ത് പാകാനായാൽ ഞങ്ങളുടെ നീക്കം പാതി വിജയമായെന്ന് സംഘാടകരിൽ ഒരാളായ ബിജുനാഥ് പാടത്തിൽ പറഞ്ഞു.


മലയാളീസ് മൂവ്മെൻ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്സ് എന്നതിൻ്റെ ചുരുക്കെഴുത്തായ മ്മാഡ് എന്ന മെഗാ ഷോയാണ് ഒറ്റ വൈക്കോൽ വിപ്ലവം പോലെ ഒരു ദൃശ്യ വിപ്ലവത്തിന് അരങ്ങുണർത്തിയത്. കഥകളും കഥാപാത്രങ്ങളുമെല്ലാം സാങ്കൽപ്പികമാണെങ്കിലും ഇത് നമുക്ക് ചുറ്റും നടക്കുന്ന കഥയാണ്. ഉണ്ണിയെത്തേടി വന്ന പൂതം നങ്ങേലിയുടെ മാതൃസ്നേഹത്തിനു മുന്നിൽ അടിയറവ് പറഞ്ഞ പഴങ്കഥയിൽ നിന്ന് വർത്തമാന കാലത്തേക്ക് ഒറ്റച്ചാട്ടം. ഉണ്ണാനും ഊട്ടാനും ഉറക്കാനും പഠിക്കാനും കളിക്കാനും മിണ്ടാനും മിണ്ടുന്നില്ലെന്ന് പറയാനും ഒക്കെക്കും ഒക്കെക്കും മൊബൈൽ ഫോണെന്ന ഒറ്റ സാധനം ജീവിതത്തെ നയിക്കുന്നതിൻ്റെ ദൂഷ്യങ്ങളിലേക്കാണ് ആ ചാട്ടം ചെന്ന് നിന്നത്. മൊബൈൽ ഫോണിൽ മാത്രം ലോകം കാണുന്ന കുട്ടിയെ വശത്താക്കാൻ പൂതത്തിന് നിഷ്പ്രയാസം സാധിക്കുന്നു. ആ കുട്ടിയെ ഉപയോഗിക്കാൻ ലഹരി മാഫിയക്കും പണിയേതുമില്ല.

ആകുന്നെങ്കിൽ ജീവിതത്തിൽ ഒരു മൊബൈൽ ഫോണാകണമെന്ന കുട്ടിയുടെ ആഗ്രഹം കേട്ട് ആശ്ചര്യപ്പെട്ടത് ഒരധ്യാപിക. അതെന്തേ അങ്ങനെയെന്ന ചോദ്യത്തിന് അച്ഛനുമമ്മയും മൊബൈൽ ഫോൺ കൈയിൽ നിന്ന് താഴെ വയ്ക്കാറില്ലെന്ന് കുട്ടിയുടെ തുറന്നു പറച്ചിൽ. ടീച്ചറുടെ ഇടനെഞ്ച് പൊട്ടിയത് അത് തൻ്റെ മകനായതുകൊണ്ട് മാത്രമല്ല, അവനെ സ്നേഹിക്കാൻ മറന്നുപോയ അധ്യാപക ദമ്പതിമാരാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്. വേദിയിൽ ഇതങ്ങനെ നിറഞ്ഞാടുമ്പോൾ അടുത്തിരുന്ന മകനെ/ മകളെ മുറുക്കെ പിടിച്ച കരങ്ങളെത്ര കണ്ടു ഞാൻ. മാതാപിതാക്കൾ ആണെങ്കിലും സുഹൃത്തുക്കൾ ആണെങ്കിലും വക വരുത്താൻ മടിയില്ലെന്ന സംഭവകഥ കാമ്പ് ചോരാതെ ഇതിലുൾചേർക്കാൻ സംവിധായകൻ ഉല്ലാസ് മാവിലായിക്ക് ആയിട്ടുണ്ട്. കുറ്റബോധം ഇല്ലാത്ത യുവതലമുറയെ വരച്ചുകാട്ടുന്നുണ്ട്. ഓമനത്തിങ്കൾ കിടാവും പൂതപ്പാട്ടും ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീയും തുടങ്ങി ഒട്ടേറെ മനോഹര ഗാനങ്ങൾ കോർത്തു ചേർത്തിട്ടുണ്ട്.


തട്ടിൽ ഒരിക്കൽ പോലും കയറിയിട്ടില്ലാത്ത മുതുമുത്തശ്ശി മുതൽ നാലോ അഞ്ചോ വയസ്സു മാത്രം പ്രായമുള്ള ഉണ്ണിയെ വരെ കണ്ടെത്തിയത് കക്കോടിയിലെ 126 കുടുംബങ്ങളുടെ കൂട്ടായ്മയായ നവദർശനയിൽനിന്നാണ്. റിഹേഴ്സൽ ക്യാമ്പ് പരിസരത്ത് വന്നവരെല്ലാം അഭിനേതാക്കളായി. എല്ലാവരും തങ്ങളുടെ റോൾ ഭംഗിയാക്കി. ഒടുവിൽ, പത്രവായനയിൽ അത്രയൊന്നും താൽപര്യം കാണിക്കാത്ത, ഉപദേശങ്ങൾ മുഖവിലക്ക് എടുക്കാത്ത യുവതലമുറ വിരാജിക്കുന്ന കാലത്ത് ഒരു മാധ്യമപ്രവർത്തകനിലൂടെ ഏതാനും അമ്മമാരിലേക്ക് നല്ല നേരങ്ങളുടെ സന്ദേശം എത്തിക്കാൻ ശ്രമിച്ചു. അത് ഏതാനും അമ്മമാരിലല്ല, എല്ലാവരിലും എത്തിക്കേണ്ടതാണെന്ന ഉൾവിളിയിൽ മാധ്യമപ്രവർത്തകന് മൈക്ക് കൈമാറുന്ന രംഗമൊരുക്കി. തൻ്റെ സന്ദേശം മൃദു ഭാഷയിൽ പ്രേക്ഷകരിലേക്ക് പകർന്നത് കമാൽ വരദൂർ എന്ന മാധ്യമപ്രവർത്തകനിലൂടെയാണ്.

മയക്കുമരുന്നിനെ തുരത്താനുള്ള പോരാട്ടത്തിൽ പൊലീസിനും പറയാനുണ്ടാകില്ലേ ചിലതെല്ലാം എന്ന ചിന്ത പ്രേക്ഷകനിൽ മുളയെടുക്കും നേരത്ത് സദസ്സിനിടയിൽ പൊട്ടിത്തെറിയുടെ സൂചന വരുന്നു. യുവാക്കളുടെ സ്വാതന്ത്ര്യത്തിൽ കടന്നു കയറിയിട്ട്, എല്ലാം മയക്കുമരുന്നെന്ന് പറഞ്ഞ് അവമതിക്കുന്ന തന്ത വൈബാണ് ഇവിടെ മൊത്തമെന്ന് ഒരാൾ കയർക്കുകയാണ്. ഷോ നടക്കുന്ന ഓഡിറ്റോറിയത്തിൽ പൊലീസ് പേരിനു മാത്രം. ഈ ഷോക്കു വേണ്ടി ആഴ്ചകൾ നീണ്ട അധ്വാനം ന്യൂ ജെൻ പ്രതിഷേധക്കാരന് കുളമാക്കാൻ സെക്കൻഡുകൾ കൊണ്ട് കഴിഞ്ഞു. സദസ്സിൽനിന്ന് ഇയാളെ പിടിച്ചു പുറത്താക്കാൻ നാട്ടുകാരുടെ ശ്രമം. ഒച്ച കേട്ടിടത്തേക്ക് ആളുകളുടെ എത്തിനോട്ടം. ന്യൂജെൻ കുതറിമാറി വേദിക്ക് മുന്നിലേക്ക്. സംഘാടകർ പകച്ചു. പ്രതിരോധങ്ങളെല്ലാം ഭേദിച്ച് അയാൾ വേദിയിൽ ചാടിക്കയറി. സംഘാടകർ കൈ വെക്കുമെന്ന ഘട്ടത്തിന് തൊട്ടു മുമ്പേ പൊലീസെത്തി. മൽപ്പിടുത്തത്തിനിടെ പ്രക്ഷോഭകന്‍റെ പോക്കറ്റിൽനിന്ന് മയക്കുമരുന്ന് പൊതികൾ വീണതോടെ പൊലീസ് ജാഗരൂകരായി. കൂടുതൽ പൊതികൾ കീശയിൽ നിന്ന് വീണ്ടെടുത്തു. സദസ്സ് അമ്പരന്നു.


ഇതിനിടെ കോഴിക്കോട് സിറ്റി അസിസ്റ്റൻ്റ് പൊലീസ് കമീഷണർ എ. ഉമേഷിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം വേദിയിൽ. തല നിവർത്തി നിന്ന പ്രക്ഷോഭകൻ തലയുയർത്താനാകാതെ പൊലീസ് കസ്റ്റഡിയിൽ വേദിയിൽ. ഇങ്ങനെ തല താഴ്ത്തി നിൽക്കേണ്ടവരല്ല നമ്മുടെ യുവത്വമെന്ന് പറഞ്ഞ് തുടങ്ങിയ എ.എസ്.പി മയക്കുമരുന്നു വേട്ടയിൽ പൊലീസിന്‍റെ പങ്കും വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണക്കൂടുതലും ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഓരോ പോരാളിക്കും ഐക്യദാർഢ്യവുമായി പൊലീസ് ഉണ്ടെന്ന ഉറപ്പും നൽകി. പിന്നാലെ മയക്കുമരുന്ന് വിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ പ്പക്കാർഡുകളുമേന്തി സ്റ്റുഡന്‍റ് പൊലീസ് വേദിയിലെത്തി. എസ് പി.സിയുടെ ചുമതലയുള്ള എസ്.ഐ ഷിബു മൂടാടിയും എ.എസ്.ഐ ഉമേഷ് നന്മണ്ടയും മയക്കുമരുന്ന് നിർമാർജനത്തിൽ അടക്കമുള്ള തങ്ങളുടെ നീക്കങ്ങൾ വിശദീകരിച്ചതിന് പിന്നാലെ എസ്.പിക്കൊപ്പം മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലാൻ അവിടെ കൂടിയ പുരുഷാരം എഴുന്നേറ്റു നിന്നു. പ്രതിജ്ഞ ഉള്ളിലേറ്റുവാങ്ങി.

നാടകം ജീവിതത്തിലേക്ക് വഴി മാറിയതറിയാതെ കൂടി നിന്നവർ കൈയടിച്ചു. പ്രക്ഷോഭകനും പ്രതിഷേധവും കൈയേറ്റ ശ്രമവും പൊലീസും എല്ലാം ഒരു തിരക്കഥയാണെന്ന് വിശ്വസിക്കാൻ പലരും മടിച്ചു. അത്രമേൽ കൈയടക്കവും രഹസ്യവും ആ രംഗമൊരുക്കുന്നതിൽ സംവിധായകൻ പാലിച്ചു. കൈയടിയുടെ ഒച്ചയാൽ ചില ദുർഭൂതങ്ങൾ ഒഴിഞ്ഞു പോകുമെങ്കിൽ, അതിലൊന്ന് ഏതെങ്കിലുമൊരു സിന്തറ്റിക് ഡ്രഗ്ഗാണെങ്കിൽ അത് അവിടം വിട്ട് പാഞ്ഞേനെ. ഈ കൈയടി നിലക്കാതിരിക്കട്ടെ, ലഹരി വസ്തുക്കൾ ഓരോന്നോരോന്നായി എന്‍റെ നാടും രാജ്യവും ലോകവും കടന്ന് പാഞ്ഞു പോകട്ടെ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kakkodidrug addictionfight against drug addiction
News Summary - Calicut kakkodi MMAD fight against drugs
Next Story