ആന്ധ്രയിൽ 14-ാം നൂറ്റാണ്ടിലെ ശിലാലിഖിതം കണ്ടെത്തി; കൊണ്ടവീട് കോട്ടയിൽ ഇത് ആറാമത്തേത്
text_fieldsഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ചരിത്ര പ്രസിദ്ധമായ കൊണ്ടവീട് കോട്ടയിൽ പുതിയ ശിലാലിഖിതം കണ്ടെത്തി. തിങ്കളാഴ്ച നടത്തിയ പര്യവേഷണത്തിലാണ് 14, 15 നൂറ്റാണ്ടുകളിലെ പ്രദേശത്തിന്റെ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന നിർണായക തെളിവ് ലഭിച്ചത്. കൊണ്ടവീട് കോട്ട വികസന സമിതി കൺവീനർ കല്ലി ശിവ റെഡ്ഡിയുടെ നേതൃത്വത്തിലാണ് സംഘം മല കയറിയത്.
നാട്ടുകാരായ കോട്ടേശ്വര റാവു, ഗോരക കണ്ണ റെഡ്ഡി, കൊണ്ടേബോയിന വെങ്കിടേശ്വരലു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോട്ടയിലെ രുദ്രപാദ കൊടുമുടിയിൽ സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ പരിശോധിക്കാനായിരുന്നു യാത്ര. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന വലതു വശത്തെ ദ്വാരപാലക സ്തംഭത്തിൽ കല്ല് അടുക്കി മൂടിയ നിലയിലായിരുന്നു ലിഖിതം.
മൂടിക്കിടന്ന കല്ല് നീക്കം ചെയ്തപ്പോഴാണ് അപൂർവ്വ ലിഖിതം പുറത്തുവന്നത്. ഈ വർഷം ജൂണിൽ ഇതേ ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയ ലിഖിതത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ലിഖിതത്തിന്റെ ചിത്രങ്ങളും വിവരങ്ങളും വിദഗ്ധ പരിശോധനക്കായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എപ്പിഗ്രഫി ഡയറക്ടർ കെ. മുനിരത്നം റെഡ്ഡിക്ക് കൈമാറിയിട്ടുണ്ട്.
പ്രാഥമിക വായനയിൽ, ഗുരു തപനാചാര്യർക്ക് നൽകിയ സ്ഥിരമായ ഭൂമി ദാനത്തെക്കുറിച്ചാണ് ലിഖിതത്തിൽ പരാമർശിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. പെഡലങ്കാലിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള നാല് പുട്ടി ഭൂമി (നാല് പുട്ടി എന്നാൽ ഏകദേശം 20-30 ഏക്കറോളം വരും) 48 അടി നീളമുള്ള പച്ചിഗംപാട്ടി വടി ഉപയോഗിച്ച് അളന്ന്, കന്നുകാലികളെ മേയ്ക്കുന്നതിനും ശാശ്വതമായ അനുഭോഗത്തിനുമായി ദാനം ചെയ്തതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊണ്ടവീട് കോട്ട വികസന സമിതി കണ്ടെത്തുന്ന ആറാമത്തെ ശിലാലിഖിതമാണിത്. ഇതിൽ രണ്ടെണ്ണം പെദ കൊമാട്ടി വേമ റെഡ്ഡിയുടെ കാലഘട്ടത്തിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. റെഡ്ഡി രാജവംശത്തിന്റെ സുവർണ്ണ കാലഘട്ടത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് ചരിത്രകാരന്മാരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

