'തലതിരിഞ്ഞ' വരയുമായി ആൽബി
text_fieldsകുന്നിക്കോട്: കാന്‍വാസില്‍ ചിത്രങ്ങൾ തലതിരിച്ച് വരച്ച് ശ്രദ്ധനേടുകയാണ് കുന്നിക്കോടുകാരനായ ആല്‍ബി. കുന്നിക്കോട് വെളിന്തറവീട്ടിൽ ഷാജിമോെൻറയും ഗീതയുടെയും മകനായ ആൽബി എസ്. ജോൺ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങള്‍ തലതിരിച്ച് വരച്ച് ഇതിനകം ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇടം നേടി.
ചെറുപ്പം മുതൽ ചിത്രരചനയോട് താൽപര്യമുണ്ടെങ്കിലും മത്സരങ്ങളിൽ ആൽബി പങ്കെടുത്തിരുന്നില്ല. ലോക്ഡൗൺ കാലത്ത് ചിത്രരചനയിൽ സജീവമായി. ആദ്യം വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. നിരവധിയാളുകളിൽനിന്ന് പ്രോത്സാഹനം ലഭിച്ചതോടെ കൂടുതൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി.
ഓട്ടോ തൊഴിലാളിയായ പിതാവും മാതാവും സഹോദരി ആഷ്മിയും കൂട്ടുകാരുമൊക്കെ മികച്ച പിന്തുണയാണ് നൽകുന്നത്. മാർത്താണ്ഡം ഗ്ലോബൽ കോളജ് ഓഫ് സയൻസിൽ റേഡിയോഗ്രഫി പഠിക്കുന്ന ആൽബി കോളജ് കലോത്സവങ്ങളിലും സ്റ്റേജ്ഷോകളിലും നിറസാന്നിധ്യമാണ്. വാദ്യോപകരണങ്ങളും വായിക്കാറുണ്ട്.

