ഏജ് ഓഫ് ഡിസ്കവറി
text_fieldsഹെൻറി രാജകുമാരന്റെ പ്രതിമ
പോർചുഗൽ തലസ്ഥാനമായ ലിസ്ബണിൽനിന്നും കോഴിക്കോട്ടെ കാപ്പാട് ബീച്ചിലേക്കുള്ള ദൂരം അളക്കുക എളുപ്പമല്ല. എന്നാൽ, വാസ്‌കോഡ ഗാമ എന്ന പോർചുഗൽ നാവികൻ അത് ദിവസക്കണക്കിൽ അളന്നു -മുന്നൂറ്റി പതിനാറു ദിവസം! അറ്റ്‌ലാന്റിക് സമുദ്രവും ഇന്ത്യൻ സമുദ്രവും താണ്ടി ഗാമയുടെ സാവോ ഗബ്രിയേൽ എന്ന കപ്പൽ ഇന്ത്യൻ തീരത്തണഞ്ഞപ്പോൾ വലിയൊരു ചരിത്രമുഹൂർത്തമാണ് കുറിക്കപ്പെട്ടത്. ആ ചരിത്രദൗത്യത്തിന് നാലു കപ്പലുകളിലായി 170 പേരാണ് പുറപ്പെട്ടത്. തിരികെ പോർചുഗലിൽ എത്തിയതാകട്ടെ രണ്ടു കപ്പലും അമ്പത് ആളുകളും മാത്രമായിരുന്നു. ഈ ദുഷ്‌കരമായ യാത്ര പുറപ്പെടാൻ ഗാമയെയും കൂട്ടരെയും പ്രേരിപ്പിച്ച സാഹചര്യങ്ങൾ മനസ്സിലാക്കാനുള്ള ആഗ്രഹമാണ് ലിസ്ബൺ പട്ടണത്തിൽനിന്ന് ഏഴു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ബേലം ടവറിനരികിൽ എന്നെ എത്തിച്ചത്. ടാഗസ് നദിയുടെ തീരത്ത് ചുണ്ണാമ്പുകല്ലുകൊണ്ട് നിർമിച്ച നാലുനിലകളുള്ള ഒരു കാവൽപ്പുരയാണ് അത്.
ഗാമ പുറപ്പെട്ട തീരം
വാസ്കോഡ ഗാമയുടെ ശവകുടീരം, ബേലം ടവർ
യൂറോപ്പിന്റെ കണ്ടെത്തലുകളുടെ യുഗത്തിന്റെ (ഏജ് ഓഫ് ഡിസ്‌കവറി) പ്രതീകമായിട്ടാണ് ബേലം ടവറിനെ കണക്കാക്കുന്നത്. ഏകദേശം 15ാം നൂറ്റാണ്ട് മുതൽ 17ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടമാണ് കണ്ടെത്തലുകളുടെ യുഗമായി പറയപ്പെടുന്നത്. ആ കാലഘട്ടത്തിലാണ് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള നാവികർ ലോകമെമ്പാടുമുള്ള പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യുകയും കോളനിവത്കരിക്കുകയും കീഴടക്കുകയും ചെയ്തത്. അതിൽ പ്രധാനികൾ പോർചുഗീസ് നാവികരാണ്. ആഗോളവത്കരണത്തിന് അടിത്തറ പാകിയത് ആ കാലഘട്ടമാണ്. ദൂരദേശങ്ങളിൽ പോയി മടങ്ങിയെത്തുന്ന പോർചുഗീസ് നാവികർക്ക് സ്വാഗതമരുളാനും മറ്റു ദേശങ്ങളിൽനിന്നുള്ള കപ്പലുകളെ നിയന്ത്രിക്കാനും ടാഗസ് നദിമുഖത്തു പണിത ബേലം ടവർ ഉപകരിച്ചു. 1519 ൽ പണിത ടവറിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് യുനെസ്‌കോ അതിന് ലോക പൈതൃകപദവി നൽകിയിരിക്കുന്നത്. ടവറിൽ പ്രവേശിച്ചു കുറച്ചുനേരം നദിയിലെ ഓളങ്ങൾ നോക്കിനിന്നു. ഈ തീരത്തു നിന്നാകണം അഞ്ഞൂറു കൊല്ലം മുമ്പ് ഗാമ പുറപ്പെട്ടത്!
നാവികനായ ഹെൻറി
മാരിടൈം മ്യൂസിയത്തിലേക്ക് അവിടന്ന് നടക്കാവുന്ന ദൂരമേയുള്ളൂ. മ്യൂസിയത്തിൽ എന്നെ വരവേറ്റത് ഹെൻറി രാജകുമാരന്റെ തലയെടുപ്പുള്ള വലിയ പ്രതിമയാണ്. ‘നാവികനായ ഹെൻറി’ എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. ലോകത്തിലെ മികച്ച നാവിക റിപ്പബ്ലിക്കായി പോർചുഗലിനെ മാറ്റിയെടുത്തത് അദ്ദേഹമാണ്. മൊറോക്കോ ആസ്ഥാനമായുള്ള മൂർ വംശജർ, പോർചുഗലിന്റെ തെക്കൻ ഗ്രാമങ്ങൾ ആക്രമിച്ച് അവിടത്തെ പാവം ജനങ്ങളെ അടിമക്കച്ചവടത്തിനായി പിടിച്ചുകൊണ്ട് പോകാറുണ്ടായിരുന്നതുകൊണ്ട്, ഹെൻറി രാജാവിന്റെ പിതാവ് മൂറുകളുടെ പ്രധാന തുറമുഖമായ സിയൂറ്റാ പിടിച്ചെടുക്കുകയും ഹെൻറിക്ക് ആ തുറമുഖത്തിന്റെ ചുമതല കൊടുക്കുകയും ചെയ്തു.
റാഫേൽ പ്രതിമ, സുഗന്ധവ്യഞ്ജന പാത്രങ്ങൾ
ആഫ്രിക്കയുടെ തെക്കൻ ഭാഗങ്ങൾ പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം മുൻകൈയെടുത്തു. കോൺസ്റ്റാന്റിനോപ്പിളിന്റെ പതനത്തിനു ശേഷം യൂറോപ്യൻ-ഏഷ്യൻ വ്യാപാരം നിയന്ത്രിച്ചത് ഓട്ടോമൻ സാമ്രാജ്യവും വെനീസിലെ വ്യാപാരികളുമായിരുന്നു. അതിനാൽ തെക്കുകിഴക്കൻ ഏഷ്യയിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരു കടൽ മാർഗം കണ്ടെത്തേണ്ടത് വളരെ പ്രധാനമായിരുന്നു. ഹെൻറിയുടെ നേതൃത്വത്തിൽ പോർചുഗീസ് നാവികർ ‘സ്‌ക്വയെർ റിഗ്ഡ് കാരവൽ’ എന്ന കപ്പൽ രൂപകപപന ചെയ്തു. കാറ്റിന്റെ പ്രതികൂല സാഹചര്യത്തിൽപോലും യാത്ര തുടരാം എന്നതായിരുന്നു അതിന്റെ പ്രാധാന്യം. കൂടാതെ ആഴം കുറഞ്ഞ നദികളിൽ കൂടിയും ആ കപ്പലിനു യാത്ര ചെയ്യാമായിരുന്നു. അതോടെ, പോർചുഗൽ കപ്പലുകൾ കൂടുതൽ വേഗത്തിൽ വലിയ ദൂരങ്ങൾ സഞ്ചരിക്കാൻ ആരംഭിച്ചു.
ഹെൻറിയുടെ സമയത്തെ നാവികരുടെ ശിൽപങ്ങളും, അവരുടെ നേട്ടങ്ങളും അവിടെ രേഖപ്പെടുത്തിയിരുന്നു. തെക്കൻ പോർചുഗലിൽ സാഗ്രെസ് പട്ടണത്തിലാണ് ഹെൻറി കൂടുതൽ സമയം ചെലവഴിച്ചത്. നാവികർ, കാർട്ടോഗ്രാഫർ, ശാസ്ത്രജ്ഞർ തുടങ്ങിയവരുമായി അദ്ദേഹം നിരന്തരം സംവദിച്ചിരുന്നു. നാവികരെ പരിശീലിപ്പിക്കാൻ ‘സ്‌കൂൾ ഓഫ് സാഗ്രെസ്’ എന്നൊരിടമുണ്ടായിരുന്നുപോലും. അതിന്റെ ഒരു ചുവർ ചിത്രം മ്യൂസിയത്തിൽ കണ്ടു. ഹെൻറിയുടെ മരണശേഷം രാജാവായ ജോൺ രണ്ടാമൻ നാവികർക്കുള്ള പ്രോത്സാഹനം തുടർന്നു.
1488ൽ ബാർത്തൊലിമുദിയാസ് ആഫ്രിക്കയുടെ തെക്കൻ അറ്റമായ ഗുഡ് ഹോപ് വരെ എത്തിച്ചേർന്നു. പക്ഷേ, ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് യാത്രചെയ്യാൻ അദ്ദേഹം ധൈര്യപ്പെട്ടില്ല. സുഗന്ധവ്യഞ്ജന വ്യാപാരത്തിൽനിന്നുണ്ടാക്കാവുന്ന ലാഭക്കണക്കുക്കൾ രാജാവിനെ മോഹിപ്പിച്ചു. നാവികർക്ക് ഖജനാവിൽനിന്ന് പണം കൊടുക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. മാനുവൽ ഒന്നാമൻ 1495ൽ സ്ഥാനമേറ്റപ്പോൾ, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യംതന്നെ ഇന്ത്യയിലേക്ക് കടൽമാർഗം കണ്ടെത്തുക എന്നതായിരുന്നു. അദ്ദേഹമാണ് വാസ്‌കോഡ ഗാമയെ അതിനായി നിയോഗിച്ചത്.
ഗാമയും കൂട്ടരും പുറപ്പെടുന്നു
1497 ജൂലൈ എട്ടാം തീയതി ഗാമയും കൂട്ടരും സാവോ ഗബ്രിയേൽ, സാവോ റാഫേൽ, ബെറിയോ, സാവോ മിഗ്വേൽ എന്ന നാല് കപ്പലുകളിലായി ലിസ്ബണിൽനിന്ന് പുറപ്പെട്ടു. ഗബ്രിയേലിന്റെ കപ്പിത്താൻ ഗാമയും റാഫേലിന്റെ കപ്പിത്താൻ ഗാമയുടെ സഹോദരനുമായിരുന്നു. മറ്റു നാവികർ, കാർട്ടോഗ്രാഫർമാർ, പട്ടാളക്കാർ, പുരോഹിതന്മാർ തുടങ്ങിയവർ കപ്പലിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാജാവിന്റെ മുദ്ര പതിപ്പിച്ച എഴുത്തുകളും പുതിയ സ്ഥലങ്ങളിൽ നാട്ടാനായിട്ടുള്ള പോർചുഗീസ് പതാകകളും വ്യാപാരത്തിനായി കുറച്ചു ചിപ്പികളും മറ്റും കൈയിൽ കരുതിയിരുന്നു. അവർ പടിഞ്ഞാറൻ തീരത്തുള്ള സിയറ ലിയോണിൽനിന്ന് പതിനായിരം കിലോമീറ്റർ കടലിലൂടെ സഞ്ചരിച്ച് തെക്കൻ ആഫ്രിക്കയിൽ എത്തിച്ചേർന്നു.
കരയിലെങ്ങും നങ്കൂരമിടാതെ ഒറ്റയടിക്ക് ആദ്യമായിട്ടാണ് ഒരു കപ്പൽ ഇത്രയും ദൂരം സഞ്ചരിക്കുന്നത്. നാവികനെന്നുള്ള നിലക്ക് ഗാമയുടെ വൈദഗ്ധ്യത്തെയാണ് അത് എടുത്തുകാണിക്കുന്നത്. കിഴക്കൻ ആഫ്രിക്കയിലെ മോംബാസയിൽ തമ്പടിക്കാൻ ശ്രമിച്ചെങ്കിലും ആളുകളുടെ എതിർപ്പ് കാരണം സ്ഥലംവിടേണ്ടിവന്നു. ആഫ്രിക്കയിൽ വെച്ച് പരിചയപ്പെട്ട ഒരു ഇന്ത്യൻ കച്ചവടക്കാരന്റെ സഹായത്തോടെ ഗാമ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ചു. അങ്ങനെ 1498 മേയ് 20ാം തീയതി കാപ്പാട് ബീച്ചിൽ എത്തിച്ചേർന്നു. സെപ്റ്റംബർ 1499ൽ ഗാമ തിരികെ ലിസ്ബണിൽ എത്തി. കാര്യമായ വ്യാപാരബന്ധമൊന്നും സ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലേക്കുള്ള കടൽമാർഗം കണ്ടെത്തിയ ഗാമക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. അഡ്മിറൽ ഓഫ് ഇന്ത്യൻ ഓഷ്യൻ എന്ന പദവി നൽകപ്പെട്ടു. കൂടാതെ രണ്ടു ഗ്രാമങ്ങളും രാജാവ് ഗാമക്ക് സമ്മാനിച്ചു. പോർചുഗീസ് സമുദ്രസഞ്ചാരങ്ങൾ മുഖ്യലക്ഷ്യമായിരുന്ന ഇന്ത്യയിൽ അവസാനിച്ചില്ല. തെക്കുകിഴക്കൻ ഏഷ്യൻ സമുദ്രത്തിലേക്ക് നീണ്ട പര്യവേക്ഷണം നാൽപത്തിനാലു വർഷങ്ങൾക്കുശേഷം 1542ൽ ജപ്പാൻ തീരത്തെത്തുന്നതുവരെ നീണ്ടു.
മ്യൂസിയത്തിൽ വെച്ചിട്ടുള്ള ഗാമയുടെ കപ്പലിന്റെ മാതൃക ഏറെ ആകർഷിച്ചു. കപ്പലിനൊപ്പം വിശുദ്ധ റാഫേലിന്റെ തടികൊണ്ടുള്ള പ്രതിമ പ്രദർശിപ്പിച്ചിട്ടുണ്ട്. സാവോ റാഫേൽ എന്ന കപ്പൽ മുങ്ങിയപ്പോൾ, അതിൽനിന്ന് ഗാമ രക്ഷിച്ചെടുത്ത പ്രതിമയാണത്. പിന്നീട് ഗാമയുടെ എല്ലാ കപ്പൽ യാത്രകളിലും ആ പ്രതിമ കൂടെ സഞ്ചരിച്ചു. 1500ൽ മറ്റൊരു പോർചുഗീസ് നാവികനായ പെഡ്രോ അൽവാരസ് കബ്രാൾ ഇന്ത്യയിലേക്ക് യാത്രതിരിച്ചു. വഴിതെറ്റി അദ്ദേഹം ആദ്യം എത്തിച്ചേർന്നത് ബ്രസീലിലാണ്. പുതിയ നാട് കണ്ടെത്തിയ വിവരം അറിയിക്കാൻ അപ്പോൾതന്നെ കൂടെയുണ്ടായിരുന്ന ഒരു കപ്പൽ തിരികെ ലിസ്ബണിലേക്ക് പറഞ്ഞുവിട്ടിട്ട് അദ്ദേഹം യാത്ര തുടർന്നു. കോഴിക്കോട് എത്തിയ ശേഷം, സാമൂതിരിയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ദൗത്യം പാളുകയും എഴുപതോളം പോർചുഗീസുകാരുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. അതിനു പകരം ചോദിക്കാനാണ് രണ്ടാമത് ഗാമ കോഴിക്കോട് 1502ൽ എത്തുന്നത്. ഇരുപതു പടക്കപ്പലുകളുമായി വന്നു വലിയ നാശനഷ്ടമാണ് ഗാമയുണ്ടാക്കിയത്.
മക്കയിലേക്ക് തീർഥാടനത്തിന് പുറപ്പെട്ട കപ്പലിലെ നാനൂറോളം പേരെ ചുട്ടുകൊല്ലുകയെന്ന സമാനതയില്ലാത്ത കൊടുംപാതകവും ഗാമ ചെയ്തു. 1524ൽ മൂന്നാമത് ഗാമ ഇന്ത്യയിലേക്ക് എത്തുന്നത് ഇന്ത്യയിലുള്ള പോർചുഗീസ് അധികാരികൾക്കിടയിലെ അഴിമതി പരിഹരിക്കുന്നതിനായി നിയോഗിക്കപ്പെട്ട പോർചുഗീസിന്റെ ഇന്ത്യൻ വൈസ്രോയിയുടെ വേഷത്തിലായിരുന്നു. അത്തവണ കൊച്ചിയിൽവെച്ച് അസുഖബാധിതനായി അദ്ദേഹം മരിച്ചു. ഫോർട്ട് കൊച്ചിയിലെ പള്ളിയിലാണ് ആദ്യം അദ്ദേഹത്തെ അടക്കം ചെയ്തത്. പതിനഞ്ചു വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ മകൻ എത്തി, മൃതശരീരത്തിന്റ ബാക്കി പോർചുഗലിലേക്ക് കൊണ്ടുപോയി. അക്കൂട്ടത്തിൽ റാഫേൽ പ്രതിമയും പോർചുഗീസിൽ തിരിച്ചെത്തി. ഇന്ത്യയിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങൾ ഇട്ടുകൊണ്ടുപോയ വലിയ ഭരണികൾ, ഗാമയുടെ സ്വകാര്യ സാധനങ്ങൾ സൂക്ഷിച്ചിരുന്ന വലിയ തടിപ്പെട്ടി തുടങ്ങിയവയും മ്യൂസിയത്തിൽ കാണാം.
ആർമിലറി സ്ഫിയർ
കണ്ടെത്തലുകളുടെ യുഗത്തിൽ നാവികർ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും അവിടെയുണ്ട്. പോർചുഗീസ് കണ്ടെത്തലുകളുടെ പ്രധാന ചിഹ്നങ്ങളിലൊന്നായിരുന്ന ‘ആർമിലറി സ്ഫിയർ’ അവിടെയുണ്ട്. പുരാതന കാലം മുതൽ അറിയപ്പെടുന്ന ഒരു ഉപകരണമാണ് ആർമിലറി സ്ഫിയർ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾക്കും പ്രപഞ്ചത്തിന്റെ പഠനത്തിനും പ്രതിനിധാനത്തിനും ഇത് ഉപയോഗിക്കുന്നു. സാധാരണയായി ഭൂമധ്യരേഖ, ഉഷ്ണമേഖലാ പ്രദേശങ്ങൾ, ധ്രുവവൃത്തങ്ങൾ എന്നിവയെ പ്രതിനിധാനം ചെയ്യുന്ന അഞ്ചു സമാന്തര വളയങ്ങൾകൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. വിവിധ നക്ഷത്രരാശികളെ പ്രതിനിധാനം ചെയ്യുന്ന ഒരു ചരിഞ്ഞ വളയം ഇതിനെ മുറിച്ചുകടക്കുന്നു. മാനുവൽ രാജാവിന്റെ സ്വകാര്യ ചിഹ്നമായിരുന്നു ഇത്.
പെപ്പർ ടാക്‌സുകൊണ്ട് നിർമിച്ച പള്ളി
മ്യൂസിയം കണ്ടശേഷം തൊട്ടടുത്തുള്ള ജെറോണിമോസ് മൊണാസ്ട്രി കാണാൻ പോയി. ഇന്ത്യയിൽനിന്നു കൊണ്ടുവന്ന സുഗന്ധവ്യഞ്ജനങ്ങൾ വിറ്റ് കിട്ടിയ ‘പെപ്പർ ടാക്‌സ്’കൊണ്ട് മാത്രമായിരുന്നു ആ വലിയ പള്ളി നിർമിച്ചത്. ഗാമയും മറ്റു നാവികരും ഇവിടെ വന്നു പ്രാർഥിച്ച ശേഷമായിരുന്നു യാത്രകൾക്ക് പോയിരുന്നത്. ആ പള്ളിയുടെ വസ്തുകലയെ മാൻവലൈൻ എന്നാണ് പറയുക. കച്ചവടത്തിൽനിന്നുണ്ടാക്കിയ ലാഭം കുമിഞ്ഞുകൂടിയപ്പോൾ മാനുവൽ രാജാവിന്റെ നിർദേശപ്രകാരം വാസ്തുശിൽപികൾ തനതായ ഒരു ശൈലി രൂപകൽപന ചെയ്തു.
ആഡംബരപൂർവമായ അലങ്കാരങ്ങൾക്കായിരുന്നു പ്രാധാന്യം നൽകിയത്. ആയുധഗോളങ്ങൾ, ക്രിസ്തുവിന്റെ കുരിശുപോലുള്ള ചിഹ്നങ്ങൾ, ചിപ്പികൾ, കയറുകൾ തുടങ്ങിയവയുടെ ആകൃതിയിലായിരുന്നു അലങ്കാരങ്ങൾ. ഗോഥിക്, നവോത്ഥാന ശൈലികളുടെ പ്രതിഫലനം പേറുന്ന പള്ളിയുടെ നിർമിതിയിൽ സമുദ്ര, ക്രിസ്ത്യൻ രൂപങ്ങളുടെ സംയോജനം കാണാൻ സാധിക്കും. അന്നത്തെ പല കെട്ടിടങ്ങളിലും ഈ ശൈലി കാണാം. മൊണാസ്ട്രിയോടു ചേർന്നുണ്ടായിരുന്ന പള്ളിയിലാണ് ഗാമ അന്ത്യവിശ്രമം കൊള്ളുന്നത്. പള്ളിക്കകത്തു കയറി ഗാമയുടെ ശവകുടീരം കണ്ടു.
യാത്രയുടെ അടയാളപ്പെടുത്തലുകൾ
റോഡിന് എതിർവശത്തായി ഗാമയുടെ പേരിലുള്ള വലിയൊരു മൈതാനമാണ്. അതിന്റെ മറുവശത്തുകൂടി ഒഴുകുന്ന ടാഗസ് നദി. അങ്ങോട്ട് നടക്കുമ്പോൾ ടൈൽ ഉപയോഗിച്ച് വലിയ ഒരു കോമ്പസ് നടപ്പാതയിൽ നിർമിച്ചിരിക്കുന്നത് കാണാം. കറുപ്പും ചുവപ്പും നിറത്തിലുള്ള ലിയോസ് ചുണ്ണാമ്പുകല്ലുകൊണ്ട് നിർമിച്ച കോമ്പസിന് അമ്പതു മീറ്റർ വ്യാസമുണ്ട്. നടുക്ക് ഒരു ലോക മാപ്പ് വരച്ചിട്ടുണ്ട്. 15 മുതൽ 16 വരെ നൂറ്റാണ്ടുകൾക്കിടയിലുള്ള പോർചുഗീസ് വികാസത്തിന്റെ പ്രധാന വഴികളെ തീയതികൾ, കപ്പലുകൾ, കാരവലുകൾ എന്നിവകൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ചെറിയ കോമ്പസ് റോസാപ്പൂക്കൾ, കാറ്റിനെ പ്രതിനിധാനം ചെയ്യുന്ന മൂന്നു വീശുന്ന മുഖങ്ങൾ, മത്സ്യകന്യക, പുരാണ മത്സ്യം, കടൽമൃഗത്തിന്റെ പുറത്തു സവാരിചെയ്യുന്ന ത്രിശൂലവും കാഹളവുമുള്ള നെപ്റ്റ്യൂൺ തുടങ്ങിയവ മാപ്പിന് ചുറ്റുമായിട്ടുണ്ട്. കോമ്പസ് റോസ് രൂപകൽപന ചെയ്തത് ആർക്കിടെക്ട് ലൂയിസ് ക്രിസ്റ്റിനോ ഡാസിൽവയാണ്. നാവികൻ ഹെൻറിയുടെ അഞ്ഞൂറാം ജന്മവാർഷികത്തിനു റിപ്പബ്ലിക് ഓഫ് ദക്ഷിണാഫ്രിക്ക സമ്മാനിച്ചതാണ് കോമ്പസ്.
അവിടെ അടുത്തായി, നദിയെ അഭിമുഖീകരിച്ചു ഒരു പടുകൂറ്റൻ നിർമിതിയുണ്ട് -മോണ്യുമെന്റ് ഓഫ് ദി ഡിസ്‌കവറീസ്. കണ്ടെത്തലുകളുടെ യുഗത്തിലെ പ്രധാനികൾക്ക് സമർപ്പിച്ചത്. ആ സ്മാരകം. വലിയ ഒരു കാരവലിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. അതിന്റെ തുഞ്ചത്ത് ‘നാവികനായ ഹെൻറി’യുടെ പ്രതിമ. ഇരുവശങ്ങളിലുമായി വേറെയും 32 പ്രതിമകൾ. എല്ലാവരും ‘കണ്ടെത്തലുകളുടെ യുഗത്തിലെ’ പ്രധാനികൾ. അവരെല്ലാവരും നദിയിലോട്ട് കണ്ണും നട്ടിരിക്കുകയാണ്. പ്രശസ്ത കവി ഫെർണാഡോ പെസോവയുടെ വരികൾ ഓർത്തു -സമുദ്രത്തിന് അതിരുകളുണ്ടെങ്കിൽ അത് ഗ്രീക്കോ റോമനോ ആകും. അനന്തമായ സാഗരമെന്നത് പോർചുഗീസാണ്. അനന്തമായ കടലിനെ സ്‌നേഹിച്ച ഒരുപിടി ആളുകളാണ് കണ്ടെത്തലുകളുടെ യുഗത്തിലെ ഹീറോസ്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

