നിറക്കൂട്ടുകളുടെ നയന വിരുന്നൊരുക്കും 'അബൂദബി കാൻവാസ്
text_fieldsപൈതൃക സമ്പന്നമായ അറബ് നാഗരികതയ്ക്ക് ശോഭയേറ്റാൻ നിറച്ചാർത്ത് ചാലിക്കുകയാണ് അബൂദബിയുടെ മണ്ണ്. നിറക്കൂട്ടുകളാൽ സമൃദ്ധമായ കലാസൃഷ്ടികൾ ആരുടേയും നയനങ്ങളെ ഏറെ വിസ്മയിപ്പിക്കും. എങ്ങും സുന്ദരമായ വരയുടെ നേർക്കാഴ്ചകൾ. അബൂദബി എമിറേറ്റിനെ അത്രമേല്‍ സുന്ദരമാക്കുകയാണ് നഗര ഗതാഗത വകുപ്പിന് കീഴിലുള്ള മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സെക്ടര്‍ നടപ്പാക്കിയിരിക്കുന്ന പദ്ധതി. അബൂദബി കാന്‍വാസ് എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി താമസകേന്ദ്രങ്ങളും ഷോപ്പിങ് സെന്ററുകളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുമൊക്കെ പെയിന്റിങ്ങുകള്‍ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ്.
നൂറിലേറെ ഇമാറാത്തി ആര്‍ട്ടിസ്റ്റുകളാണ് പദ്ധതിയുടെ ഭാഗമാവുന്നത്. അബൂദബി സിറ്റി, അല്‍ഐന്‍, അല്‍ ദഫ്റ മേഖല എന്നിവിടങ്ങളിലെ 130ഓളം ഇടങ്ങളിലായി ഇവര്‍ ഇതിനകം വരച്ചത് നാന്നൂറിലേറെ പെയിന്റുങ്ങുകളാണ്. ആകെ 7800 ചതുരശ്ര മീറ്ററിലായി വരച്ച ഈ പെയിന്റുങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ഈ കലാകാരന്മാര് മൊത്തം 17000ത്തോളം മണിക്കൂറുകളാണ് ചെലവഴിച്ചത്.
സമൂഹം, സംസ്കാരം, സുസ്ഥിരത, വികസനം, നഗരാസൂത്രണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഓരോ പെയിന്റിങ്ങുകളും. ഇവയൊക്കെയും യു.എ.ഇയുടെ പൈതൃകത്തെയും സവിശേഷതയെയും മാനിച്ചുകൊണ്ടാണെന്നതും എടുത്തുപറയേണ്ടതാണ്.
മുബാദല ഫൗണ്ടേഷന്, അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രിബ്യൂഷന്, അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് അബൂദബി കാന്‍വാസ് പദ്ധതി നടപ്പാക്കുന്നതെന്ന്
മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സെക്ടര്‍ ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ നൂര്‍ ഷമ്മ പറഞ്ഞു. പദ്ധതിയുമായി സഹകരിച്ച ഈ സ്ഥാപനങ്ങളും കലാകാരന്മാരും ഇല്ലായിരുന്നുവെങ്കില്‍ ഇടവഴികളും യൂട്ടിലിറ്റി ബോക്സുകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുമൊക്കെ പെയിന്റുങ്ങുകളാല് ഇത്ര മനോഹരമാവുകയില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു.
കടുത്ത വേനല്‍ച്ചൂട് പദ്ധതിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍, പ്രതികൂല കാലാവസ്ഥകളിലും കലാകാരന്മാരുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കി പദ്ധതി നടപ്പാക്കുന്നതില്‍ തങ്ങള്‍ വിജയിക്കുകയുണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായ കലാകാരന്മാര് തങ്ങളുടെ ഏറ്റവും മികച്ച സൃഷ്ടികള്‍ കോറിയിടാനാണ് ശ്രമിച്ചതെന്നതിന്റെ തെളിവുകളാണ് ഓരോ ചിത്രങ്ങളും.
ആര്‍ട്ട് മ്യൂസിയങ്ങളില്‍ നിന്ന് തുറസ്സായ ഇടങ്ങളിലേക്കാണ് ആ ചിത്രരചനകള്‍ ഇറങ്ങിവന്നിരിക്കുന്നതെന്നു മാത്രം. സന്ദര്‍ശകരെയും താമസക്കാരെയുമൊക്കെ ആനന്ദിപ്പിക്കാനും എമിറേറ്റിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും മുന്നിട്ടിറങ്ങിയ ഈ കലാകാരന്മാര്ക്ക് ലഭിക്കുന്ന ആത്മസംതൃപ്തി വിലമതിക്കാനാവാത്തതാകുമെന്ന് തീര്‍ച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

