Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഫലസ്തീൻ മൊണാലിസ’ കാൻവാസൊഴിയുമ്പോൾ

text_fields
bookmark_border
‘ഫലസ്തീൻ മൊണാലിസ’ കാൻവാസൊഴിയുമ്പോൾ
cancel
camera_alt

സു​ലൈ​മാ​ന്‍ മ​ന്‍സൂ​ര്‍

ഈയിടെ അന്തരിച്ച, ഫലസ്തീൻ ദുരിതങ്ങൾ കാൻവാസിൽ പകർത്തിയ സുലൈമാന്‍ മന്‍സൂറിന്റെ കലാജീവിതം

‘ഫലസ്തീന്റെ മൊണാലിസ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജമല്‍ അല്‍മഹാമില്‍’ (ചുമടുകള്‍ പേറുന്ന ഒട്ടകം) എന്ന പെയിന്റിങ്ങിന്റെ പേരിൽ ലോക പ്രശസ്തനായ കലാകാരനായിരുന്നു ഈയിടെ അന്തരിച്ച സുലൈമാന്‍ മന്‍സൂര്‍. 1973ല്‍ തന്റെ 26ാം വയസ്സിലാണ് അദ്ദേഹത്തിന്റെ ഈ ഓയില്‍ പെയിന്റിങ് പുറത്തുവരുന്നത്. പരമ്പരാഗത ഫലസ്തീനി വേഷമണിഞ്ഞ വൃദ്ധനായ ഒരു ചുമട്ടുതൊഴിലാളി ജറൂസലം നഗരത്തെ മുച്ചൂടും മുതുകിലേറ്റി നഗ്നപാദനായി മരുഭൂവിജനതയില്‍ മുന്നോട്ടു ഗമിക്കുന്നതാണ് പെയിന്റിങ്.

ഫലസ്തീൻ ജനതയുടെ ദുരിതക്കയങ്ങള്‍, ജന്മനാട്ടില്‍നിന്നുള്ള പലായനം, സാംസ്‌കാരിക പൈതൃകം കൈവിടാതെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടം, സഹനവും പ്രതിരോധവും തുടങ്ങിയവയാണ് ചിത്രം പ്രതീകവത്കരിക്കുന്നത്. കേവലം ദൃശ്യകലാസൃഷ്ടിക്കപ്പുറം രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളെയും വിശകലനങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഐക്കണായും ചിത്രം ജനഹൃദയങ്ങളില്‍ ഇടംനേടി.

ചിത്രം പറയുന്നത്

ഫലസ്തീന്റെ പല വിഷയങ്ങളും വളരെ ഗൗരവതരമായിത്തന്നെ ചർച്ച ചെയ്യുന്ന ഈ ചിത്രത്തിനു പിന്നിലെ കഥകൾ ലോകം പലതവണ ചർച്ച ചെയ്തു. ഫലസ്തീൻ സ്വത്വം വിസ്മൃതിയില്‍ തമസ്‌കരിക്കപ്പെടാന്‍ ഇടവരാതെ, ഭാവി തലമുറകളുടെ മനോമുകുരങ്ങളില്‍ ജറൂസലമിന്റെ ധ്വനിമുഴക്കം വന്നലക്കുന്ന ദൃശ്യഭാഷ സൃഷ്ടിക്കുക, ഏറ്റുമുട്ടലുകള്‍ക്കപ്പുറം, ശത്രുക്കളാല്‍ കൊത്തിപ്പറിച്ചെടുത്ത് വിനിഷ്ടമായ അവകാശങ്ങളുടെ വീണ്ടെടുപ്പിനായുള്ള അവബോധം സൃഷ്ടിക്കുക എന്ന വികാരവും ചിത്രത്തില്‍നിന്ന് വായിച്ചെടുക്കാവുന്ന പാഠങ്ങളാണ്.

ഈ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകളും ലഘുലേഖകളും വീടുകളിലും ഓഫിസുകളിലും അഭയാര്‍ഥി ക്യാമ്പുകളിലും വിതരണം ചെയ്ത് ജനകീയവത്കരിക്കാനുള്ള ശ്രമം രാജ്യത്തിനകത്തും അന്തര്‍ദേശീയ തലത്തിലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് ഗതിവേഗം കൂട്ടാന്‍ നിമിത്തമായി. മരുക്കപ്പൽ (സഫീന സഹ്റാ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന, അത്യുഷ്ണമോ അതിശൈത്യമോ ചരൽക്കാറ്റുകളോ വകവെക്കാതെ വിശപ്പും ദാഹവും ത്യാഗവും സഹിച്ച് മരുഭൂ മണൽപരപ്പിൽ കാതങ്ങൾ താണ്ടിക്കടക്കുന്ന അത്യപൂർവ ജീവിയായ ഒട്ടകത്തെ ഫലസ്തീനിയോട് സമീകരിച്ചിരിക്കുന്നു ചിത്രത്തിന്റെ നാമകരണം.

ജമല്‍ അല്‍ മഹാമില്‍

‘ജമല്‍ അല്‍ മഹാമില്‍’ എന്ന പ്രയോഗം അറബ് സാമൂഹിക നിഘണ്ടുവില്‍ ജനപ്രിയ പഴഞ്ചൊല്ലായി രൂപപ്പെട്ടു. പരിഭവലേശമില്ലാത്ത, സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്ഥൈര്യത്തിന്റെയും ജീവല്‍സ്വരൂപമായി ഫലസ്തീനികളെ ഹൃദയഭിത്തിയില്‍ കോറിയിടാന്‍ ഈ പെയിന്റിങ് ലോകത്തിന് പ്രചോദനമേകി.

മുഖ്യമായും ഓയില്‍, കളിമണ്‍ ശില്‍പങ്ങളിലാണ് സുലൈമാന്‍ മൻസൂര്‍ ശ്രദ്ധയൂന്നിയത്. 1989ല്‍ ഒന്നാം ഇൻതിഫാദക്കിടയില്‍ ‘കല്ലുകളുടെ ഇന്‍തിഫാദ’ എന്ന പേരില്‍ കളിമണ്‍ കലാസൃഷ്ടികള്‍ അദ്ദേഹം നിര്‍മിച്ചു. ദൈനംദിന ജീവിത വ്യവഹാരത്തിലെ സകല മണ്ഡലങ്ങളിലും പ്രാദേശിക വിഭവങ്ങളെ അവലംബിച്ചും ഇസ്രായേലി ഉപഭോക്തൃ വസ്തുക്കള്‍ ബഹിഷ്‌കരിച്ചും കാപ്പി, മൈലാഞ്ചി, കളിമണ്ണ്, മരം, മണ്‍പാത്രങ്ങള്‍, കുമ്മായം, ചണത്തുണികൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ പ്രയോജനപ്പെടുത്തിയും പ്രതിരോധവും സ്വയം പര്യാപ്തതയും പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു അദ്ദേഹം.

നേട്ടങ്ങൾ

ഓണ്‍ ദി പാത്ത് ഓഫ് ദി ഗൗള്‍: (ബയോഗ്രഫി): ദി മെമോയിര്‍സ് ഓഫ് സുലൈമാന്‍ മൻസൂര്‍ (ഗവേഷകയായ റനാ അനാനി അദ്ദേഹവുമായുള്ള മുഴുനീള അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ സമാഹരിച്ചത്) എന്ന ഗ്രന്ഥം മൻസൂറിന്റെ ദൃശ്യകലാ ജീവിതത്തെ കോറിയിടുന്നു. റാമല്ലയിലും അന്താരാഷ്ട്ര തലത്തിലും -പ്രത്യേകിച്ച് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനം (1992), ഷാര്‍ജ ബിനാലെ (1995), നോര്‍വെയിലെ സ്റ്റാവഞ്ചര്‍ സിറ്റി ഹാള്‍ (1996), കൈറോ ബിനാലെ (1998) നിരവധി സോളോ എക്‌സിബിഷനുകള്‍ അദ്ദേഹം സംഘടിപ്പിച്ചു.

1998ല്‍ ഫലസ്തീൻ ഫൈൻ ആര്‍ട്‌സ് പ്രൈസ്, കൈറോ ബിനാലെയിലെ ഗ്രാൻഡ് പ്രൈസ്, 2019ല്‍ അറബ് കൾചറല്‍ യുനെസ്‌കോ-ഷാര്‍ജ പ്രൈസ്, 2025ല്‍ അറബ് ക്രിയേറ്റേഴ്‌സ് അവാര്‍ഡ് (ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് നല്‍കുന്ന ഏറ്റവും വലിയ സമ്മാനം) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

1947ൽ റാമല്ലയിൽ ജനിച്ച സുലൈമാൻ മൻസൂർ 1967-70കളിൽ ബെസലേൽ അക്കാദമി ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, 1975 മുതൽ 1982 വരെ റാമല്ലയിലെ UNRWA ടീച്ചേഴ്സ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. നബീൽ അനാനിയുമായി ചേർന്ന് 1973ൽ ഫലസ്തീൻ ആർട്ടിസ്റ്റ് അസോസിയേഷൻ സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Legacy of Malak Mattar: The 'Palestinian Mona Lisa' in Art History
Next Story