Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightകണ്ണീരുപ്പുകലർന്നതാണീ...

കണ്ണീരുപ്പുകലർന്നതാണീ ബിരിയാണി; എല്ലാവരും രുചിക്കണം -എ. രേവതി

text_fields
bookmark_border
കണ്ണീരുപ്പുകലർന്നതാണീ ബിരിയാണി; എല്ലാവരും രുചിക്കണം -എ. രേവതി
cancel
camera_alt

(photo: ജദീർ)

അഭിമുഖം: എ. രേവതി - നിസാർ പുതുവന

തൃശൂർ: നാടക പ്രേമികളുടെയെല്ലാം കണ്ണുനനയിച്ച നാടകമായിരുന്നു കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നാടകവേദിയിൽ അരങ്ങേറിയ ‘നൂറമ്മ ബിരിയാണി ദർബാർ’. ചെന്നൈയിലെ ‘കട്ടിയക്കാരി’ തിയറ്റർ ഗ്രൂപ്പിനായി ശ്രീജിത്ത് സുന്ദരം സംവിധാനം ചെയ്ത് അനീഷ് ആന്റോ തിരക്കഥ നിർവഹിച്ച നാടകത്തിലെ അഭിനേതാക്കളെല്ലാം ട്രാൻസ്ജെൻഡർമാരാണെന്ന പ്രത്യേകതയുമുണ്ട്.ഭക്ഷണത്തിനൊരു രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയം ട്രാൻസ്ജെൻഡർമാരുടെ ജീവിതവുമായി ഇഴചേർത്ത് വിളമ്പുന്നൊരു ബിരിയാണി, അതാണ് ‘നൂറമ്മ ബിരിയാണി ദർബാർ’. നാടകത്തിൽ മുഖ്യ കഥാപാത്രമായ നൂറമ്മയെ അവതരിപ്പിച്ച പ്രമുഖ ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും നടിയുമായ എ. രേവതി ‘മാധ്യമ’വുമായി സംസാരിക്കുന്നു.

ആരുടെ കഥയാണ് നൂറമ്മ ബിരിയാണി ദർബാർ?

ദിണ്ഡിഗലിൽ ജനിച്ച് വീടും നാടും ഉപേക്ഷിച്ച് പൊള്ളാച്ചിക്കടുത്ത് എത്തപ്പെട്ട നൂർജഹാൻ ബീഗം എന്ന നൂറമ്മയുടെ ബിരിയാണി വൈഭവത്തിന്റെയും അതിജീവനത്തിന്റെയും കഥയാണിത്. ട്രാൻസ്ജൻഡറുകൾ നന്നായി ഭക്ഷണം പാകം ചെയ്യും. അവരിൽ പാചകത്തൊഴിലിന് പോകുന്നവരും ഉണ്ട്. നൂറമ്മ അടുത്തിടെയാണ് അവരുടെ 95ാം വയസിൽ മരിച്ചത്.

ഒരു മണിക്കൂറിലേറെ നിർത്താതെ ഒറ്റക്കുളള സംസാരം. കഠിനമായിരുന്നോ?

ഏകാംഗനാടകം പോലെ 70 മിനുറ്റോളം ഒറ്റക്ക് സംഭാഷണം അവതരിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. 58 വയസുള്ള ഞാൻ 30 പേജ് ഡയലോഗ് പഠിച്ചു. തിയറ്ററിനൊരു ശക്തിയുണ്ട്. എഴുതാനും പറയാനും കഴിയാത്തത് തിയറ്ററിൽ ഹൃദയത്തിൽ തൊട്ട് അവതരിപ്പിക്കാനാകും. എഴുത്തും മറ്റ് സാമൂഹിക ഇടപെടലും എല്ലാം തിയറ്റർ ആർട്ടിസ്റ്റായതോടെ നിർത്തേണ്ടി വന്നു.

ഭക്ഷണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച്?

കോവിഡ് കാലത്ത് ട്രാൻസ്ജൻഡറുകൾ അവരെക്കൊണ്ട് കഴിയുംവിധം ഭക്ഷണം തയ്യാറാക്കി അസുഖബാധിതർക്ക് വിതരണം നടത്തി. ബിരിയാണിയിൽ തുപ്പുന്നു, തബ്‍ലീഗുകാർ കോവിഡ് പരത്തുന്നു എന്നൊക്കെ മുസ്‍ലിംകളെ കു​റിച്ച് വിദ്വേഷ പരാമർശങ്ങൾ നിങ്ങളും മറന്നിട്ടുണ്ടാവില്ലല്ലോ. കോവിഡ് കാലത്ത് അവർ മസ്ജിദുകൾ മലർക്കെ തുറന്നുകൊടുത്തു. എല്ലാവരും പകച്ചുമാറി നിന്നപ്പോൾ പകർച്ചവ്യാധി ബാധിച്ച് മരിച്ചവരെ തോളിലേറ്റി സ്വന്തം ഖബറിടങ്ങളിൽ മറമാടി. എന്നിട്ടും പൊതുസമൂഹവും വിദ്വേഷ പ്രചാരകരും അവരെ വെറുതെ വിട്ടില്ല.അതിനെല്ലാമുള്ള മറുപടിയാണ് ഈ നാടകം. നൂർജഹാൻ ബീഗത്തിന്റെ കൈപ്പുണ്യവും കോയമ്പത്തൂരിലെ ട്രാൻസ്ജെൻഡർ ഹോട്ടലുടമ തങ്കത്തിന്റെ കൊലപാതക കഥയും കോവിഡ് കാലത്തെ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ സമൂഹ അടുക്കള വിശേഷങ്ങളും വർത്തമാനകാലത്ത് വേട്ടയാടപ്പെടുന്ന മുസ്‍ലിം സ്വത്വവും ചേർത്തുവച്ചതാണ് ‘നൂറമ്മ ബിരിയാണി ദർബാർ’.

നന്നായി പാചകം ചെയ്യുമോ, നാടകത്തിൽ ശരിക്കും ബിരിയാണി വെക്കുന്നുണ്ടല്ലോ. മാത്രമല്ല, അത് കാണികൾക്ക് നൽകുകയും ചെയ്തു?

ആണായി ഇരുന്ത്, പെണ്ണായി ഉണരുമ്പോഴ് അമ്മാകൂടെ സമയലുക്ക് (പാചകത്തിന്) ഹെൽപ് പണ്ണി താ ഇപ്പിടി. വീടുവിട്ടുവന്നതിന് ശേഷം എന്റെ ഗുരു ഒരു മുസ്‍ലിം ആയിരുന്നു. അവരിൽനിന്നും പാചകം പഠിച്ചിട്ടുണ്ട്. ഖുർആൻ സൂക്തങ്ങളും നബി വചനങ്ങളും അറബിയിൽ തന്നെ പഠിച്ചെടുക്കാൻ കുറച്ചു ബുദ്ധിമുട്ടി.

എവിടെയൊക്കെ ഇതിനകം നാടകം അവതരിപ്പിച്ചു?

എട്ട് പത്ത് ഇടങ്ങളിൽ നാടകം അവതരിപ്പിച്ചു. വലിയ വലിയ വേദികളൊന്നും ഞങ്ങൾക്ക് കിട്ടാറില്ല. കേരളമാണ് തുടക്കത്തിലേ ഇതുപോലെ വലിയൊരിടം തന്നത്. മുംബൈ ജി 5, ബംഗളൂരു ജി.കെ തുടങ്ങിയ വേദികളിൽ ഇതിനകം നാടകം അവതരിപ്പിക്കാനായി.

ട്രാൻസ്ജൻഡറുകളോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തിൽ മാറ്റം വന്നോ?

ഈ വേദിയിൽ നാടകം അവസാനിച്ചപ്പോൾ കാണികളുടെ പ്രതികരണം നിങ്ങൾ കണ്ടില്ലേ. അത് തന്നെയാണ് പ്രതീക്ഷ. ഇനിയും മുന്നേറാനുണ്ട്. ഇപ്പോഴും ട്രാൻസ്ജൻഡറുകൾ കൊല്ലപ്പെടുന്നത് ഒരു വാർത്തപോലും അല്ലാതെ തുടരുന്നു. അതിനൊക്കെ മാറ്റം വരേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drama festInternational Theatre Festival of KeralaITFOK 2026
News Summary - A Revathi interview from ITFOK 2026
Next Story