കാലം കാത്തിരിക്കുന്ന കാടിന്‍റെ താളം; ആവേശം നിറച്ച് യുവ ആദിവാസി കലാകാരൻമാരുടെ സംഗീതനിശ
text_fieldsആർപ്പോ എർത്ത് ലോർ ബാൻഡ് ഇറ്റ്ഫോക്കിൽ അവതരിപ്പിച്ച പരിപാടി
തൃശൂർ: ആദിവാസി തനത് കലാരൂപങ്ങൾക്കും വേദിയായി അന്താരാഷ്രട നാടകോത്സവം. കാലങ്ങളായി നാം കേട്ടുപഴകിയ ഈണങ്ങളെയല്ല, മറിച്ച് വയനാട്ടിൽ നിന്ന് ഇറ്റ്‌ഫോക്കിന്റെ മുറ്റത്തേക്ക് ഒഴുകിയെത്തിയ ഒരു പുതിയ സംഗീത വിരുന്നാണ് ആർപ്പോ വിളികൾ അടയാളപ്പെടുത്തിയത്.
ആധുനികതയുടെ അതിവേഗ താളത്തിനൊപ്പം തങ്ങളുടെ വേരുകളെ ചേർത്തു പിടിക്കുന്ന കലാകാരന്മാർ, ഒരു ജനതയുടെ അതിജീവനത്തിന്‍റെ കഥയാണ് വേദിയിൽ പാടിത്തീർത്തത്. വയനാട്ടിൽനിന്നുള്ള ആർപ്പോ എർത്ത്ലോർ ബാൻഡ് ആണ് വ്യത്യസ്തതയാർന്ന ഗാനങ്ങളും ചുവടുകളും കൊണ്ട് നാടകവേദിയെ ധന്യമാക്കിയത്.
വന്യജീവി നിയമങ്ങൾ പാരമ്പര്യ തോൽവാദ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയപ്പോൾ, നിശബ്ദരാകാൻ തയ്യാറാകാതെ തങ്ങൾക്കു ചുറ്റുമുള്ള വസ്തുക്കളെ അവർ സംഗീതമാക്കി മാറ്റി. മുളകൊണ്ട് പാകപ്പെടുത്തിയെടുത്ത പ്രത്യേക ഉപകരണങ്ങൾക്കൊപ്പം പഴയ ആന്റിന ഡിഷുകളും അലുമിനിയം പാത്രങ്ങളും കാനുകളും അവിടെ അസാധാരണമായ താളം പൊഴിച്ചു. പരിമിതികളെ സർഗ്ഗാത്മകമായി നേരിട്ട ഈ ശൈലി, ഹൃദ്യമായ കഥാ വിവരണവും ലഘുനാടകങ്ങളും ചേർത്തുവെച്ച് കാണികളെ ഒരു പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
വയനാട്, കൂർഗ് മേഖലകളിലെ കാട്ടുനായ്ക്ക, പണിയ, കുറിച്ച്യ ഗോത്രങ്ങളിൽ നിന്നുള്ള യുവാക്കളുടെ ഈ കൂട്ടായ്മ സ്വത്വബോധത്തിന്റെ വലിയൊരു പ്രഖ്യാപനമാണ് ഇറ്റ്‌ഫോക്കിൽ നടത്തിയത്. ആർപ്പോ എർത്ത്ലോർ ബാൻഡ് സംഗീതത്തിലൂടെ ഒരു ജനതയുടെ ജീവിതവും ആചാരങ്ങളും ലോകത്തോട് പറഞ്ഞു. പാരമ്പര്യവും ആധുനികതയും ചേർന്ന ഈ ‘ന്യൂ-ഫോക്ക്’ ശൈലി സംസ്കാരം നിശബ്ദമാകില്ലെന്ന ശക്തമായ സന്ദേശമായി ഇറ്റ്‌ഫോക്കിൽ മുഴങ്ങി. ആർപ്പുവിളികളോടെയും നൃത്തച്ചുവടുകളോടെയുമാണ് കാണികൾ ഇവരെ വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

