കക്കയം ക്യാമ്പിന്റെ ഭീകരത; ‘ഓർമ്മകൾ സിന്ദാബാദ്’ അരങ്ങേറിയിട്ട് 20 വർഷം
text_fieldsകൊച്ചി: ‘മിസ’ നാടകം വിവാദമായ സാഹചര്യത്തിലാണ് അടിയന്തിരാവസ്ഥക്കാലത്തെ പൊലീസ് ക്രൂരതൾ വേദിയിലവതരിപ്പിച്ച മറ്റൊരു നാടകത്തിന്റെ ഇരുപതാം വാർഷികദിനം കടന്നുവന്നത്. 20 കൊല്ലങ്ങൾക്ക് മുമ്പ് 2006 ആഗസ്റ്റ് 29നാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ കക്കയം പൊലീസ് ക്യാമ്പിലെ ഭീകരദിനങ്ങൾ ആദ്യമായി വേദിയിലവതരിപ്പിച്ച നാടകം ‘ഓർമ്മകൾ സിന്ദാബാദ്’ എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ അരങ്ങേറിയത്. ബോധി, ബദൽ എന്നീ സിനിമകൾ സംവിധാനം ചെയ്ത ജി. അജയനായിരുന്നു നാടകത്തിന്റെയും രചനയും സംവിധാനവും.
1976 ഫെബ്രുവരി 28 ന് പുലർച്ചെ കോഴിക്കോട് ജില്ലയിലുള്ള കായണ്ണയിലെ പൊലീസ് സ്റ്റേഷൻ നക്സലൈറ്റുകളുടെ ആക്രമണമുണ്ടായിരുന്നു. ഏതാനും പൊലീസുകാർക്ക് പരിക്കേറ്റ ഈ സംഭവത്തിനുശേഷം സ്റ്റേഷനിൽനിന്നും ഏതാനും നിറച്ച തോക്കുകളും ബയണറ്റുകളും അപ്രത്യക്ഷമായത് ഭരണതലത്തിൽ വലിയ അങ്കലാപ്പ് സൃഷ്ടിച്ചു.
സംഭവസ്ഥലത്ത് അന്വേഷണം നടത്തിയ പൊലീസ് സംഘത്തിന് ഏതാനും കടലാസുകൾ ലഭിച്ചിരുന്നു. അവ എൻജിനീയറിങുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അതുവഴി അക്രമികൾ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികളാകാമെന്നും സംശയിക്കപ്പെട്ടതായി പറയപ്പെടുന്നു. സംഭവസ്ഥലത്തുനിന്നും ഓടുന്നതിനിടെ ഒരാൾ ‘രാജാ ഓടിക്കോ ’ എന്നു പറയുന്നതു കേട്ടിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറുപതു കിലോമീറ്റർ ദൂരെയുള്ള എൻജിനീയറിങ് കോളജിലെ രാജൻ എന്ന വിദ്യാർഥിയെ മറ്റൊരു തെളിവുകളും കൂടാതെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ആ ചെറുപ്പക്കാരൻ ആരോപിക്കപ്പെട്ടതുപോലെ നക്സലേറ്റ് പ്രവർത്തകനോ കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളിയോ ആയിരുന്നതിന് ഒരു തെളിവുകളും ലഭിച്ചിരുന്നില്ല. ശാസ്ത്രീരീതികൾ അവലംബിക്കുന്നതിനു പകരം കേട്ടുകേൾവിയും ഭരണസമ്മർദ്ദവും തന്റെ പ്രഗത്ഭ്യം തെളിയിക്കാനുള്ള മുഖ്യ അന്വേഷണോദ്യോഗസ്ഥന്റെ വ്യഗ്രതയുമാണ് ഈ ദുരന്തത്തിലേക്കു നയിച്ചത് എന്നാണ് നാടകം സമർഥിച്ചത്.
രാജന്റെ വേഷത്തിൽ ഷാബു മാധവനും ജയറാം പടിക്കലിന്റെ വേഷത്തിൽ സാലിഹ് റാവുത്തറുമാണ് അരങ്ങിലെത്തിയത്. റിഹേഴ്സൽ പുരോഗമിക്കെ രാജനായി വേഷമിട്ട ഷാബുവിന്റെ കൈ അപകടത്തിൽപ്പെട്ട് ഒടിഞ്ഞിരുന്നു. ചികിത്സ കഴിയുന്നതിന് മുമ്പ് നാടകത്തിന്റെ ദിവസം പ്ലാസ്റ്റർ വെട്ടിയാണ് നടൻ അരങ്ങിലെത്തിയത്. കൈക്ക് പരിക്കുപറ്റാതെയും മർദ്ദനരംഗങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടാതെയും അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു അന്ന്. രാജനെയും ജയറാം പടിക്കലിനെയും ആദ്യമായി വേദിയിലവതരിപ്പിച്ച നാടകം വലിയ ചർച്ചകൾക്കു വഴിതുറന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

