രാജാങ്കണത്തിൽ കവിത രചിച്ച് അർമിൻ
text_fieldsഅര്‍മിന്‍ അംജാദ് കോട്ടക്കൽ ഗവ. രാജാസ് സ്കൂളിലെ ഒ.വി. വിജയൻ സ്മൃതിവനത്തിൽ
കോട്ടക്കൽ: എഴുത്തിന്റെ ഇതിഹാസം ഒ.വി. വിജയൻ പഠിച്ചിറങ്ങിയ രാജാങ്കണത്തിൽ ഒരു കുഞ്ഞു എഴുത്തുകാരൻ. കോട്ടക്കല്‍ ഗവ. രാജാസ് എച്ച്.എസ്.എസിലെ ആറാംതരം വിദ്യാര്‍ഥി അര്‍മിന്‍ അംജാദാണ് ‘മഴമണിക്കൊട്ടാരം’ എന്ന കവിത സമാഹാരമൊരുക്കിയത്. ബാല്യങ്ങള്‍ അക്ഷരങ്ങളില്‍നിന്ന് അകലുന്നുവെന്ന വര്‍ത്തമാന കാലത്താണ് പുതുഗാഥയുമായി അര്‍മിന്‍ ശ്രദ്ധേയനാകുന്നത്.
പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന തരത്തിലാണ് കവിത വിവരണം. മഴയും നിലാവും ആകാശവും അപ്പൂപ്പന്‍ താടിയും തൊട്ടാവാടിയുമെല്ലാം കുരുന്നു ഭാവനയില്‍ വിരിയുന്നു.രാജാസിലെ എട്ടു കുട്ടികള്‍ ചേര്‍ന്നാണ് പുസ്തകത്തിന്‍റെ കവര്‍ ചിത്രങ്ങൾ തയാറാക്കിയത്.
കവിതയോടൊപ്പം ചേർത്ത ഓരോ ചിത്രങ്ങൾ വരച്ചതും കുരുന്നു ചിത്രകാരന്മാർ തന്നെ.കവിത സമാഹാരം പൂർത്തിയായതോടെ പ്രസിദ്ധീകരിക്കാന്‍ ചരിത്രത്തില്‍ ആദ്യമായി സ്കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു. കവിതസമാഹാരത്തിലൂടെ സ്കൂളിലെ ലൈബ്രറിക്ക് ബാലസാഹിത്യ പുസ്തകങ്ങള്‍ വാങ്ങാൻ ലക്ഷം രൂപ സമാഹരിക്കുക എന്നതും ലക്ഷ്യമാണ്. പുസ്തകം വാങ്ങുന്നവര്‍ക്ക് സൗജന്യമായി സമ്മാന കൂപ്പണും നല്‍കും.
പെരിന്തൽമണ്ണ അസിസ്റ്റന്റ് ലേബർ ഓഫിസർ പി.എം. അംജാദിന്റെയും രാജാസ് സ്കൂൾ അധ്യാപിക അനു അഷ്റഫിന്റെയും മകനാണ് അര്‍മിന്‍. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത കവി പി. രാമന്‍ കവിത സമാഹാരം പ്രകാശനം ചെയ്യും.