രോഗശയ്യയിലും ആദം അംഗീകാരത്തിെൻറ ആഹ്ലാദത്തിലാണ്...
text_fieldsആദം നെടിയനാട്
നരിക്കുനി: രോഗശയ്യക്കിടയിലും അംഗീകാരത്തിന്റെ ആഹ്ലാദത്തിലാണ് മാപ്പിളപ്പാട്ട് കലാകാരൻ ആദം നെടിയനാട്. ഫോക് ലോർ അക്കാദമി അവാർഡിനാണ് ഇദ്ദേഹം അർഹനായത്. മാപ്പിളപ്പാട്ട് ഗാനശാഖക്ക് വലിയ സംഭാവന നൽകിയ പ്രതിഭയാണ് ഇദ്ദേഹം. ഇപ്പോൾ രണ്ടു വർഷത്തിലേറെയായി പാർക്കിൻസൺ രോഗം ബാധിച്ച് കിടപ്പിലാണ്. നെടിയനാട് നൂനിക്കുന്നുമ്മൽ പരേതരായ മൊയ്തീൻകുഞ്ഞി ഹാജിയുടെയും ആസ്യയുടെയും മകനാണ്.
കിടക്കപ്പായയിൽനിന്ന് എഴുന്നേറ്റ് പുറംലോകം കാണണമെന്നുണ്ട്. മാപ്പിളപ്പാട്ട് ആലപിക്കണമെന്നുമുണ്ട്. പക്ഷേ, അകത്തളത്തിൽ കഴിയുന്ന തനിക്കിതൊന്നും കഴിയില്ലല്ലോ എന്ന ആധിയും വ്യാധിയുമാണ് തന്റെ സൗഖ്യം അന്വേഷിച്ചെത്തുന്നവരോട് ആദം പങ്കുവെക്കുന്നത്. 1975 മുതൽ മാപ്പിളപ്പാട്ട് രംഗത്തേക്ക് കാലെടുത്തുവെച്ച ആദം പിന്നീട് പട്ടേരി വോഴ്സ് നെടിയനാടിന്റെ ഗായകനായി. പ്രശസ്ത സംഗീതജ്ഞരായിരുന്ന ശിവാനന്ദൻ, ബേബി, സുകുമാരൻ പണിക്കർ, കോഴിക്കോട് അബൂബക്കർ എന്നിവരുടെ കീഴിൽ ഹിന്ദുസ്ഥാനി കർണാടിക് സംഗീതം പഠിച്ചു.
ഒപ്പന രംഗത്തും വട്ടപ്പാട്ട് രംഗത്തും ഏറെ ശ്രദ്ധേയമായിരുന്നു. കോഴിക്കോട് മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമി, യുവജനക്ഷേമ വകുപ്പ് എന്നിവ നടത്തുന്ന മാപ്പിള കലാശിൽപശാലകളിൽ ഒപ്പനയിലും വട്ടപ്പാട്ടിലും ഡെമോൺസ്ട്രേഷൻ ക്ലാസുകൾ നയിച്ചു. കോഴിക്കോട് മാപ്പിളകലാ അക്കാദമി, തിരുവനന്തപുരം ദൂരദർശൻ, വൈദ്യർ അക്കാദമി കൊണ്ടോട്ടി എന്നിവിടങ്ങളിൽനിന്ന് അവാർഡുകളും കരസ്ഥമാക്കി. എളേറ്റിൽ എം.ജെ ഹൈസ്കൂൾ റിട്ട. ജീവനക്കാരനുമാണ്.