യൂട്യൂബറായ യുവതിയടക്കം നാലുപേർ എം.ഡി.എം.എയുമായി പിടിയിൽ
text_fieldsമിനു ജാസ്മിൻ, സജാദ്, അനസ്, ടി.പി. ഷബീർ
മലപ്പുറം: മലപ്പുറം, വേങ്ങര, മങ്കട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽപന നടത്തുന്ന സംഘത്തിലെ യൂട്യൂബറായ യുവതിയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സമൂഹമാധ്യമ ഇൻഫ്ലുവൻസറായ കൂട്ടിലങ്ങാടി കൂട്ടപ്പിലാൻ വീട്ടിൽ മിനു ജാസ്മിൻ (23), മലപ്പുറം ഹാജിയാർപള്ളി അനസ് (24), മങ്കട കർക്കിടകം തോണ്ടിപുലാൻ വീട്ടിൽ ടി.പി. ഷബീർ (24), വേങ്ങര കൂരിയാട് കുന്നത്തീരി വീട്ടിൽ സജാദ് (21) എന്നിവരെയാണ് ഓപറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം സബ് ഇൻസ്പെക്ടർ സനലിന്റെ നേതൃത്വത്തിൽ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
ബുധനാഴ്ച രാത്രി മലപ്പുറം കിഴക്കെത്തല വേങ്ങര റോഡിൽ അക്ഷയ സെന്ററിന് മുൻവശത്ത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽനിന്ന് ഇവരെ പിടികൂടിയത്.
പ്രതികളിൽനിന്ന് ചില്ലറവിപണിയിൽ അര ലക്ഷം രൂപ വിലവരുന്ന 10.5 ഗ്രാം എം.ഡി.എം.എ, സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ്, സിപ് ലോക്ക് കവറുകൾ എന്നിവ പിടികൂടി. ലഹരിവിൽപന നടത്തി ലഭിച്ച കാൽ ലക്ഷത്തോളം രൂപയും എം.ഡി.എം.എ വിൽപനക്കായി ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു.
അനസ്, ഷബീർ, സജാദ് എന്നിവർ മുമ്പ് എം.ഡി.എം.എ വിൽപന നടത്തിയതിനും ഉപയോഗിച്ചതിനും വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകളുള്ളവരാണ്.
മലപ്പുറം ഡിവൈ.എസ്.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ബി. ഷാജിമോൻ, മലപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനൽ, എ.എസ്.ഐ സുഷമ, പൊലീസ് ഉദ്യോഗസ്ഥരായ ബി.എൻ. അബ്ദുല്ല, ബാബു ബാലകൃഷ്ണൻ, ആഷിഖ്, ജില്ല ലഹരിവിരുദ്ധ സ്ക്വാഡ് സേനാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, രഞ്ജിത്ത് രാജേന്ദ്രൻ, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ, വി.പി. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

