കാറോടിച്ച് ഓട്ടോ ഇടിച്ചുതെറിപ്പിച്ച യുവാക്കളെ കഞ്ചാവ് സഹിതം പിടികൂടി
text_fieldsകഞ്ചാവുമായി പിടിയിലായവർ
വണ്ടൂർ: മദ്യപിച്ച് അമിത വേഗത്തിൽ കാറോടിച്ച് ഓട്ടോ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ യുവാക്കളെ നാട്ടുകാർ പിടികൂടി പരിശോധിച്ചപ്പോൾ കൈവശം കഞ്ചാവ്. വണ്ടൂരിലാണ് സംഭവം. രണ്ടരയോടെ അമിത വേഗത്തിൽ കാറിൽ വണ്ടൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന യുവാക്കൾ അമ്പലപ്പടി പുല്ലൂർ വളവിൽവെച്ചാണ് എതിരെ വന്ന ഓട്ടോറിക്ഷയെ ഇടിച്ച് മറിച്ചിട്ടത്.
നാട്ടുകാർ ഓടിക്കൂടിയപ്പോൾ കാറിലുണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർ പുറത്തിറങ്ങി. മറ്റു രണ്ടുപേർ കാറിൽ നിന്നിറങ്ങാതെ അരികിലേക്ക് മാറ്റി നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് കൈവശമുണ്ടായിരുന്ന കഞ്ചാവ് നാട്ടുകാർ കണ്ടത്. ഇതോടെ കാർ മുന്നോട്ടെടുക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പിന്തുടർന്ന് നടുവത്ത് പെട്രോൾ പമ്പിനു സമീപത്തുനിന്ന് പിടികൂടി.
പൊലീസ് എത്തിയപ്പോഴേക്കും സംഘത്തിലൊരാൾ രക്ഷപ്പെട്ടിരുന്നു. വണ്ടൂർ വെള്ളാമ്പ്രം കാവുങ്ങൽ ഷെബീർ (36), നിലമ്പൂർ ചന്തക്കുന്ന് മങ്ങാട്ടു വളപ്പിൽ സൈഫുദ്ദീൻ (40), അകമ്പാടം തെക്കേപ്പുറം റമീഷ് (30) എന്നിവർക്കെതിരെ മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചതിനും കഞ്ചാവ് കൈവശം വെച്ചതിനും കേസെടുത്തു. മൂന്ന് പൊതികളിലായി 450 ഗ്രാം കഞ്ചാവും പിടികൂടി. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.