സിനിമാ സ്റ്റൈലിലെടുത്ത വിഡിയോ പൊലീസിന് അധിക്ഷേപമായി; ജാമ്യത്തിലിറങ്ങിയവർ വീണ്ടും അറസ്റ്റിൽ
text_fieldsകാക്കനാട്: പൊലീസിനെ അധിക്ഷേപിക്കുന്ന വിഡിയോ പ്രചരിപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിവേലിപ്പടി സ്വദേശികളായ പച്ചാനിക്കൽ മുഹമ്മദ് റംനാസ് (21), ചാലയിൽ സി.എച്ച്. അയ്യൂബ് (26) എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. മുണ്ടംപാലം കളപ്പുരക്കൽ വീട്ടിൽ മുഹമ്മദ് റാഫിയെ മർദിച്ച കേസിലെ പ്രതികളായ റംനാസിനെയും അയ്യൂബിനെയും അത്താണി സ്വദേശി ഉമറുൽ ഫാറൂഖിനെയും (23) നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയതിന് പിന്നാലെയാണ് ഐ.ടി ആക്ട് പ്രകാരം പുതിയ കേസെടുത്തത്.
പൊലീസ് സ്റ്റേഷനകത്തും പുറത്തുമായി എടുത്ത ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങുന്ന റംനാസിെൻറ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയ അയ്യൂബ് മോഹൻലാൽ ചിത്രമായ 'പ്രജ'യിലെ സംഭാഷണംകൂടി ചേർത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുെന്നന്ന് അധികൃതർ പറഞ്ഞു. ''പൊലീസ് ഓഫിസർമാരുടെ കുടൽ വിറക്കും, പിടിച്ചകത്തിട്ടാൽ നാലാം ദിവസം ഇങ്ങിറങ്ങിപ്പോരും. എന്നിട്ട് കുടുംബത്തുകേറി നിരങ്ങും'' എന്ന സിനിമ സംഭാഷണവും ചേർത്തായിരുന്നു വിഡിയോ.
വിഡിയോ ശ്രദ്ധയിൽപെട്ട സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേസ് എടുക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച വൈകീട്ടോടെ ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്തു. ഞായറാഴ്‌ച രാവിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.