ബംഗളൂരുവിൽ യുവാവ് കൊല്ലപ്പെട്ടു
text_fieldsഹൈദർ അലി
ബംഗളൂരു: അശോക് നഗറിലെ ഗരുഡ മാളിന് സമീപം അജ്ഞാതർ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ആനെപാളയ സ്വദേശി ഷെയ്ഖ് ഹൈദർ അലിയാണ് മരിച്ചത്. ഇയാളുടെ ശരീരത്തിൽ 56 വെട്ടേറ്റതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് ബൈക്കിൽ മടങ്ങുന്നതിനിടെ ഞായറാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. മറ്റൊരു ബൈക്കിൽ പിന്തുടരുകയായിരുന്ന ആക്രമികൾ വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഹൈദറിനെ പൊലീസ് ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹൈദർ അലിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.അശോക് നഗർ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. കൊലപാതകത്തിന്റെ യഥാർഥ കാരണം വെളിവായിട്ടില്ല. കേസന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചു. സംഭവത്തെക്കുറിച്ച് അറിഞ്ഞ് ബൗറിങ് ആശുപത്രിക്ക് സമീപം നൂറുകണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു.
പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഹൈദറിനെതിരെ കൊലപാതകമടക്കം 11 കേസുകൾ നിലവിലുള്ളതായി ഡി.സി.പി ശേഖർ പറഞ്ഞു. 2016 മുതൽ അശോക് നഗർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പ്രാഥമിക വിവരമനുസരിച്ച് ഇയാൾക്ക് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും ഡി.സി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

