എക്സൈസിന് വിവരം നൽകിയതിന്റെ പേരിൽ യുവാവിന് മർദനം: ഏഴുപേർ പിടിയിൽ
text_fieldsഅഫ്സൽ സിയാദ്, ബിലാൽ മജീദ്, റിയാസ് നിഷാദ്, അമീൻ, സൂര്യ രാജ്, അരുൺ ബൈജു, നിയാസ് നിസാദ്
ചങ്ങനാശ്ശേരി: എക്സൈസ് സംഘത്തിന് വിവരം നൽകിയതിന്റെ പേരിൽ യുവാവിനെ ആക്രമിച്ച ഏഴുപേർ പിടിയിൽ. ചങ്ങനാശ്ശേരി ഫാത്തിമാപുരം ഗ്യാസ് ഗോഡൗൺ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ കുക്കു എന്ന അഫ്സൽ സിയാദ് (21), പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് നടുതലമുറി പറമ്പിൽ വീട്ടിൽ ബിലാൽ മജീദ് (22), ചങ്ങനാശ്ശേരി പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ റിയാസ് നിസാദ് (23), വാഴപ്പള്ളി കുരിശുംമൂട് അള്ളാപ്പാറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അമീൻ (20),
പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് ചതുർരേവതി വീട്ടിൽ (ചങ്ങനാശ്ശേരി ക്ലൂണി സ്കൂൾ ഭാഗത്ത് വാടക വീട്ടിൽ താമസം) സൂര്യരാജ് (22), കൊല്ലം ഇടമുളയ്ക്കൽ തടിക്കാട് രേഷ്മ ഭവനം വീട്ടിൽ അരുൺ ബൈജു (27), പെരുന്ന ഹിദായത്ത് നഗർ ഭാഗത്ത് തോട്ടുപറമ്പിൽ വീട്ടിൽ നിയാസ് നിസാദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ എക്സൈസ് സംഘത്തിന് ഒറ്റുകൊടുത്തുവെന്ന പേരിലാണ് ചങ്ങനാശ്ശേരി മലകുന്നം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ചത്.
12ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. യുവാവിനെ സുഹൃത്തിന്റെ ഫോണിൽനിന്ന് ചങ്ങനാശ്ശേരി എസ്.എച്ച് സ്കൂൾ ഭാഗത്തേക്ക് വിളിച്ചുവരുത്തിയശേഷം മർദിക്കുകയും തുടർന്ന് വാഹനത്തിൽ കയറ്റി യുവാവിന്റെ പണം അടങ്ങിയ പഴ്സും ഫോണും തട്ടിയെടുക്കുകയും പല സ്ഥലങ്ങളിൽ കറങ്ങിയശേഷം ഹിദായത്ത് നഗർ ഭാഗത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ സൂര്യരാജനെ എറണാകുളത്തുനിന്നും ബിലാൽ, റിയാസ്, അഫ്സൽ, നിയാസ് എന്നിവരെ ബംഗളൂരുവിൽനിന്നുമായി പിടികൂടുകയായിരുന്നു.
പ്രതികളായ ബിലാൽ, അഫ്സൽ എന്നിവർക്ക് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലും റിയാസിന് ചങ്ങനാശ്ശേരി സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ എം, പ്രസാദ് ആർ. നായർ, ഗോപകുമാർ, എ.എസ്.ഐ രഞ്ജീവ്ദാസ്, സി.പി.ഒമാരായ തോമസ് സ്റ്റാൻലി, ഡെന്നി ചെറിയാൻ, സന്തോഷ്, സെൽവരാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

