എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ
text_fieldsസിജോ സെബാസ്റ്റ്യൻ
കൊച്ചി: ഓപറേഷൻ തൂഫാന്‍റെ ഭാഗമായി കൊച്ചി നഗരത്തിൽ നടത്തിയ പരിശോധനയിൽ എൽ.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. എറണാകുളം പനമ്പിള്ളി നഗർ തൊണ്ടിപ്പറമ്പിൽ വീട്ടിൽ സിജോ സെബാസ്റ്റ്യനെ (24) ആണ് പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം മ്യൂസിക് കമ്പോസർ അലൻ വർഗീസ് വാടകക്കെടുത്ത വീട്ടിൽ നിന്നും 12 എൽ.എസ്.ഡി സ്റ്റാമ്പുമായി പിടികൂടിയത്. ഗായകൻ എന്നാണ് പ്രതി അവകാശപ്പെടുന്നത്.
വാടക വീട് കേന്ദ്രീകരിച്ച് ടാറ്റൂ അടിക്കുന്നതായും നിരവധി ആൺകുട്ടികളും പെൺകുട്ടികളും വന്നുപോകുന്നതായും ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് നിരീക്ഷണം നടത്തിയത്. കൊച്ചി സിറ്റിയിൽ വാണിജ്യ അളവിൽ ഈ മാസം പിടികൂടുന്ന ആറാമത്തെ കേസാണിത്. കൊച്ചി സിറ്റി പൊലീസ് കമീഷണർ ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി.സി.പിമാരായ മോഹിത് റവത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ കൊച്ചി സിറ്റി നർകോട്ടിക് സെൽ എ.സി.പി അനന്തലാലിന്‍റെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

