പീഡന കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsമാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കൊല്ലം ഇട്ടിവ തുടയന്നൂർ വാഴവിളവീട് വിഷ്ണുവിനെയാണ് (22) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.17കാരിയായ പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വീട്ടിൽ ആളില്ലാത്തസമയം നോക്കി പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കി.
തുടർന്ന് ഇരയായ പെൺകുട്ടി ഇയാളുടെ വീട്ടിലെത്തി ബഹളംവെച്ചതോടെ കൊല്ലം റൂറൽ ചൈൽഡ് ലൈൻ വിഷയത്തിൽ ഇടപെട്ട് റിപ്പോർട്ട് നൽകി.കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് കൊട്ടിയത്തെ സ്ഥാപനത്തിൽ പാർപ്പിച്ചു.
കൊല്ലം സി.ഡബ്ല്യൂ.സിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര പൊലീസാണ് കേസെടുത്തത്. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം കൊല്ലം കടയ്ക്കലിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
മാവേലിക്കര ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മാവേലിക്കര സി.ഐ. സി. ശ്രീജിത്ത്, എസ്.ഐ ഇ. നൗഷാദ്, സീനിയർ സി.പി.ഒ ബിജു മുഹമ്മദ്, സി.പി.ഒ എ.എ. സയാനി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

