സ്കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
text_fieldsസുൽത്താൻ ബത്തേരി: ചെതലയം സ്വദേശിയുടെ സ്കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി പിടിയില്‍. കുതിരവട്ടം, കൂട്ടാളി, കണ്ണംചാലില്‍ വീട്ടില്‍ ഇ.കെ. നിതിനെ(29)യാണ് പാളയത്തുനിന്ന് കോഴിക്കോട് കസബ സ്റ്റേഷനിലെ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മുമ്പ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കളവു കേസിലും കവര്‍ച്ചക്കേസിലും ഉൾപ്പെട്ടിട്ടുണ്ട്.
മൂലങ്കാവ് ഗ്ലോബല്‍ ഗ്രാനൈറ്റ് ഇന്‍ഫ്ര എന്ന സ്ഥാപനത്തിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കെ.എല്‍ 73 ഇ 0316 നമ്പര്‍ സ്കൂട്ടറാണ് കഴിഞ്ഞ മാസം 30ന് വൈകീട്ടോടെ മോഷണം പോയത്. വാഹനം കോഴിക്കോട് ജില്ലയിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഐ ജെസ്വിന് ജോയിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ നിരവധി സി.സി ടി.വി ദൃശ്യങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വാഹനം നിതിന്റെ കൈവശമുണ്ടെന്ന് മനസ്സിലാക്കി.
എന്നാല്‍, വീടും വീട്ടുകാരുമായി ബന്ധമില്ലാതെ അലഞ്ഞു തിരിയുന്ന നിതിനെ കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ല. തുടര്‍ന്ന്, വാഹനം പാളയം ബസ് സ്റ്റാന്‍ഡിന് മുന്‍വശം നിര്‍ത്തിയിട്ടിരുന്ന വിവരം ലഭിച്ച എസ്.ഐ ജെസ്വിന് ജോയ് കസബ സ്റ്റേഷനിലെ സ്ക്വാഡ് അംഗങ്ങള്‍ക്ക് കൈമാറുകയും പാളയം പരിസരത്തുനിന്ന് നിതിനെയും വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നിര്‍ദേശപ്രകാരം എസ്.ഐ അബ്ദു, സന്തോഷ് മോന്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

