ബൈക്ക് മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ
text_fieldsരാമകൃഷ്ണ മൂർത്തി, വിനു
മൂന്നാർ: പള്ളിമുറ്റത്തുനിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. തമിഴ്നാട്ടിലെ തേനിയിലേക്ക് കടത്തിയ വാഹനവും കണ്ടെടുത്തു. സെവൻമല എസ്റ്റേറ്റിൽ പാർവതി ഡിവിഷനിലെ രാമകൃഷ്ണ മൂർത്തി (19), മൂന്നാർ ഇക്കാനഗർ രാജീവ് ഗാന്ധി കോളനിയിൽ ആർ. വിനു (18) എന്നിവരെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് രാത്രി ടൗണിലെ വിജയപുരം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ ഓഫിസിന് മുന്നിൽ നിർത്തിയിട്ട ബൈക്കാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. അന്നുതന്നെ ബൈക്കുമായി തേനിയിലേക്ക് പോകുകയും സുഹൃത്തിന്റെ വീട്ടിൽ വെച്ചശേഷം തിരികെ മൂന്നാറിലെത്തുകയും ചെയ്തു.
മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിന്റെ നിർദേശപ്രകാരം നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. എസ്.എച്ച്.ഒ മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ ഷാഹുൽ ഹമീദാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

