ഹോൺ മുഴക്കിയതിന് കാർ അടിച്ചുതകർത്ത യുവാക്കൾ പിടിയിൽ
text_fieldsഅഞ്ചാലുംമൂട്: കൊല്ലം ബൈപാസിൽ വാഹനത്തിന്റെ ഹോൺ മുഴക്കിയതിന് യുവതി ഓടിച്ചിരുന്ന കാർ രണ്ടംഗസംഘം അടിച്ചുതകർത്തു. തിരുവനന്തപുരം സ്വദേശി അഞ്ജലി രഘുനാഥന്റെ വാഹനമാണ് ആക്രമിച്ചത്. സംഭവത്തിൽ മങ്ങാട് അഖിൽ ഡെയ്ലിൽ അഖിൽ രൂപ്(24), മങ്ങാട് ജിയോ നിവാസിൽ ജെമിനി ജസ്റ്റിൻ(24) എന്നിവരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ രണ്ടിന് കടവൂർ ബൈപാസിലായിരുന്നു സംഭവം. യാത്രക്കിടെ കടവൂരിൽ സിഗ്നൽ കണ്ട് അക്രമികൾ സഞ്ചരിച്ച വാഹനത്തിന് പിറകിലായാണ് അഞ്ജലിയും കുടുംബവും സഞ്ചരിച്ച വാഹനം നിർത്തിയിട്ടത്.
സിഗ്നൽ മാറിയിട്ടും മുന്നിൽ റോഡിൽ കുറുകെ നിർത്തിയിട്ടിരുന്ന കാർ മാറ്റാതിരുന്നതോടെ അഞ്ജലി ഹോൺ മുഴക്കി. ഇതിൽ പ്രകോപിതരായ പ്രതികൾ അഞ്ജലിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞു. തുടർന്ന് യുവതി വാഹനം മുന്നോട്ട് എടുത്ത് പോയി. ഇവരുടെ വാഹനത്തിന് പിന്നാലെ എത്തിയ പ്രതികൾ ഓവർടേക്ക് ചെയ്ത് മുന്നിൽ വാഹനം കയറ്റി തടഞ്ഞുനിർത്തി. തുടർന്ന് യുവതിയുടെ കാറിന് മുകളിൽ ചാടിക്കയറുകയും മുന്നിലെ ഗ്ലാസ് ചവിട്ടിത്തകർക്കുകയുമായിരുന്നെന്ന് അഞ്ജലി നൽകിയ പരാതിയിൽ പറയുന്നു.
അഞ്ജലിയുടെ ഭർത്താവ് അമൽ ഷേഹു, ഭർതൃസഹോദരൻ സമൽ ഷേഹു എന്നിവർ ഈസമയം വാഹനത്തിൽ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ തന്നെ അഖിൽ രൂപിനെയും ജെമിനി ജസ്റ്റിനെയും പൊലീസ് പിടികൂടി. പ്രതികൾക്കെതിരെ സ്ത്രീകളെ ആക്രമിക്കൽ, സംഘംചേർന്നുള്ള ആക്രമണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.