മലപ്പുറത്ത് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു
text_fieldsപെരിന്തൽമണ്ണ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് പണം ആവശ്യപ്പെട്ടതായി പരാതി. താഴേക്കോട് പൊന്ന്യാകുറുശ്ശി വീട്ടിൽ സൈദാലി ഷിബിനെയാണ് പെരിന്തൽമണ്ണ ടൗണിന് സമീപത്ത് നിന്ന് ഫോർച്യൂണർ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഗുരുതര പരിക്കേറ്റ ഇയാൾ പെരിന്തൽമണ്ണയിൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. യുവാവിനെ സംഘം കാറിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്തിനെ ഒന്നാം പ്രതി കത്തിയെടുത്ത് വീശി പരിക്കേൽപ്പിച്ചു.
വാഹനത്തിനുള്ളിലും പിന്നീട് അട്ടപ്പാടി ഭാഗത്തുള്ള പന്നി ഫാമിലെത്തിച്ചും പ്രതികൾ ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പോക്കറ്റിലുണ്ടായിരുന്ന പണം സംഘം കവർന്നെടുത്തു. 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് വാൾ കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവിന്റെ ഫോണിൽനിന്ന് ഭാര്യയെ വിളിച്ച് പണം ആവശ്യപ്പെട്ടു. പിറ്റേ ദിവസം അഞ്ച് ലക്ഷം രൂപയും ഒരാഴ്ചക്കുള്ളിൽ ബാക്കിയും നൽകണമെന്നായിരുന്നു ആവശ്യം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കി. യുവാവിനെ ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചതായും പരാതിയിലുണ്ട്. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി പ്രതികൾ യുവാവിനെ ആനമങ്ങാട് വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കാർ പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

