വായിൽ തുണിതിരുകി യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭർത്താവ് കസ്റ്റഡിയിൽ
text_fieldsപെരിന്തൽമണ്ണ: കിടപ്പറയിൽ ഭർത്താവ് ഭാര്യയെ വായിൽ തുണിതിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഏലംകുളം വായനശാലക്ക് സമീപം പൂത്രോടി കുഞ്ഞലവി എന്ന കുഞ്ഞാണിയുടെയും നഫീസയുടെയും മകൾ ഫാത്തിമ ഫഹ്നയാണ് (30) ശനിയാഴ്ച പുലർച്ചയോടെ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മണ്ണാർക്കാട് ആവണക്കുന്ന് പള്ളിക്കുന്ന് പാറപ്പുറയൻ മുഹമ്മദ് റഫീഖിനെ (35) പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായിൽ തുണി തിരുകിയ ശേഷം കഴുത്തിൽ തുണി മുറുക്കിയും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവശേഷം റഫീഖ് മുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുവെച്ച് പുലർച്ചയോടെത്തന്നെ രക്ഷപ്പെട്ടു. നോമ്പിനുള്ള അത്താഴം കഴിക്കാൻ എഴുന്നേറ്റ മാതാവ് നഫീസയാണ് മകൾ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. കുഞ്ഞലവി നഫീസയുടെ സഹോദരൻ ചിറക്കത്തൊടി ഹുസൈനെ വിളിച്ചുവരുത്തിയ ശേഷം പെരിന്തൽമണ്ണ പൊലീസിൽ അറിയിക്കുകയായിരുന്നു.
കൈകളും കാലുകളും തുണിയുപയോഗിച്ച് കൂട്ടിക്കെട്ടിയ ശേഷം ഷോളും കട്ടിലിലെ വിരിപ്പുമുപയോഗിച്ച് തൊട്ടടുത്ത ജനലിലേക്ക് ബന്ധിപ്പിച്ചിരുന്നു. സംഭവശേഷം റഫീഖ് മണ്ണാർക്കാട്ടെത്തിയതായി മനസ്സിലാക്കിയ പൊലീസ് മണ്ണാർക്കാട് പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഷവർമ മേക്കറാണ് റഫീഖ്. 2017 ഏപ്രിൽ 23നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ കുടുംബത്തോടൊപ്പമാണ് റഫീഖ് കഴിഞ്ഞിരുന്നത്. നാലു വയസ്സുള്ള ഫിദ ഏക മകളാണ്.
നിലവിളിക്കാൻ പോലുമാകാതെ ഫാത്തിമ; ആഭരണങ്ങളും കവർന്നു
പെരിന്തൽമണ്ണ: ഏലംകുളം സ്വദേശിനി ഫാത്തിമ ഫഹ്നയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത് കിടപ്പറയിലുണ്ടായ നിസ്സാര തർക്കത്തെത്തുടർന്ന്. ഉറങ്ങാൻ കിടന്ന ശേഷം രാത്രി ഒന്നോടെയാണ് തർക്കം തുടങ്ങിയതെന്ന് പറയുന്നു. തൊട്ടപ്പുറത്തെ മുറിയിൽ മാതാപിതാക്കൾ ഉറങ്ങുമ്പോഴും ഉറക്കെ നിലവിളിക്കാൻ പോലുമാകാതെ ജീവന് വേണ്ടി പിടയുകയായിരുന്നു ഫാത്തമ ഫഹ്ന.
പുലർച്ച നാലോടെ മാതാവ് നഫീസ അത്താഴത്തിന് എഴുന്നേറ്റപ്പോഴേക്കും കൃത്യം നടത്തി ഭർത്താവ് മണ്ണാർക്കാട് സ്വദേശി മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടിരുന്നു. ഫഹ്നയുടെ സ്വർണമാലയും രണ്ട് വളകളും ഇയാൾ ഊരിയെടുത്ത് കൊണ്ടുപോയതായി കുടുംബം പറഞ്ഞു. മുഹമ്മദ് റഫീഖിനെ കൂടാതെ ഫാത്തിമ ഫഹ്നയും നാല് വയസ്സുള്ള കുഞ്ഞും മാതാപിതാക്കളുമാണ് വീട്ടിൽ കഴിയുന്നത്. ഷവർമ മേക്കറായ മുഹമ്മദ് റഫീഖ് കൊപ്പം, പെരിന്തൽമണ്ണ, ഏലംകുളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. പ്ലസ് ടുവിന് ശേഷം കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കിയതാണ് ഫാത്തിമ ഫഹ്ന.
തഹസിൽദാർ പി.എം. മായയുടെ സാന്നിധ്യത്തിലാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. മലപ്പുറം എ.എസ്.പി സാഹൻഷ, സ്റ്റേഷൻ ഹൗസ് ഓഫിസർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹ പരിശോധന പൂർത്തിയാക്കി. സയന്റിഫിക് ഓഫിസർ ഡോ. വി. മിനി, വിരലടയാള വിദഗ്ധ എൻ.വി. റുബീന എന്നിവർ പരിശോധന പൂർത്തിയാക്കി ഉച്ചക്ക് രണ്ടോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് 5.45 ഓടെ രാത്രി ഏലംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

