തുണിക്കടയിൽനിന്ന് കുട്ടിയുടെ ആഭരണം മോഷ്ടിച്ച് യുവതി
text_fieldsരാമനാട്ടുകരയിലെ തുണിക്കടയിൽനിന്ന് പിഞ്ചുകുഞ്ഞിന്റെ പാദസരം മോഷ്ടിച്ച യുവതിയുടെ സി.സി ടി.വിയിൽ പതിഞ്ഞ ചിത്രം. പിറകിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെയും കാണാം
രാമനാട്ടുകര: ബസ് സ്റ്റാൻഡിലെ തുണിക്കടയിൽനിന്ന് കുട്ടിയുടെ ആഭരണം മോഷ്ടിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വല്യുമ്മയുടെ തോളിൽ ഉറങ്ങിക്കിടക്കുന്ന പിഞ്ചുകുഞ്ഞിന്റെ കാലിലെ പാദസരം യുവതി തന്ത്രത്തിൽ മോഷ്ടിക്കുന്നതാണ് സി.സി ടി.വിയിൽ പതിഞ്ഞത്. കഴിഞ്ഞ ആറാം തീയതി രാവിലെ 11.30നാണ് സംഭവം നടന്നത്. വാഴക്കാടിനടുത്ത ആക്കോട് സ്വദേശിനികളായ ഉമ്മയും മകളും കൊച്ചുമകളെ കൂട്ടി വസ്ത്രങ്ങളെടുക്കുമ്പോഴായിരുന്നു സംഭവം. രാമനാട്ടുകര ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കടയിലാണ് വസ്ത്രമെടുക്കാൻ കയറിയത്. വല്യുമ്മയുടെ തോളിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ കാലിൽനിന്ന് കടയിലേക്ക് വന്ന യുവതിയാണ് ആഭരണം മോഷ്ടിക്കുന്നത്. ചുവപ്പ് ചുരിദാറും കറുത്ത മാസ്കും ധരിച്ച 30 വയസ്സ് തോന്നിക്കുന്ന മെലിഞ്ഞ ശരീരമുള്ള യുവതി പലതവണ മോഷണത്തിന് ശ്രമിക്കുന്നതായി സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സെയിൽസ്മാന്റെ ശ്രദ്ധ തിരിച്ചതിനുശേഷമാണ് മോഷ്ടിച്ചത്.
പാദസരം അരപ്പവനോളം തൂക്കമുണ്ടെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ പറഞ്ഞു. വീട്ടിലെത്തിയശേഷമാണ് ആഭരണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടുകാർ ഫറോക്ക് പൊലീസിൽ പരാതി നൽകി.
പൊലീസ് കടയിലെത്തി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

