കടയിൽ ഇറച്ചി വാങ്ങാനെത്തിയ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു
text_fieldsബാലരാമപുരം: ബാലരാമപുരം മുടവൂർപ്പാറയിൽ ഇറച്ചി വാങ്ങാനായി കടയിലെത്തിയ യുവാവിനെ രണ്ടംഗ അക്രമിസംഘം കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു. കേളേശ്വരം സ്വദേശി രാജീവിനാണ് (26) കുത്തേറ്റത്. ശനിയാഴ്ച രാത്രി എട്ടരയോടെ രാജീവ് സുഹൃത്ത് യദുവുമായി മുടവൂർപ്പാറയിലെ കടയിൽ ഇറച്ചി വാങ്ങാനായി എത്തി.
ഈസമയം കാക്കാമൂല സ്വദേശികളായ സച്ചു, അഖിൽ എന്നിവർ കടയിൽ എത്തുകയും രാജീവുമായുള്ള മുൻ വൈരാഗ്യത്തിൽ കടക്കുള്ളിൽ നിൽക്കുകയായിരുന്ന രാജീവിനെ സച്ചു വയറ്റിൽ കത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.രാജീവിനെ പിന്തുടർന്നെത്തിയ ഇരുവരും വാളും കത്തിയുമായെത്തി കടക്കുമുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രാജീവിനെ കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ രാജീവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാലരാമപുരം പൊലീസിന്‍റെ നേതൃത്വത്തിൽ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മുമ്പും ഇവർ തമ്മിൽ പ്രശ്നം നടന്നിട്ടുള്ളതായാണ് പ്രാഥമിക നിഗമനം.

