യുവാവിന് കുത്തേറ്റ സംഭവം; മൂന്ന് േപർ പിടിയിൽ
text_fieldsഅഭിഷേക്, അൻസിൽ, സംസീദ്
കരുമാല്ലൂർ: മാഞ്ഞാലിയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മന്നം ജാറപ്പടി ബോട്ടുപുരക്കൽ അഭിഷേക് (21), താണിപ്പാടം കാഞ്ഞിരപറമ്പിൽ സംസീദ് (27), വെടിമറ തോപ്പിൽപറമ്പിൽ അൻസിൽ (27) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30നാണ് മാഞ്ഞാലി തെക്കേത്താഴം കാഞ്ഞിരപ്പറമ്പിൽ വീട്ടിൽ റംഷാദിനെ ഇവർ റോഡിലിട്ട് കുത്തിയത്.
തുടർന്ന് കാറിൽ കയറ്റിയശേഷം റംഷാദിന്‍റെ വെടിമറയിലെ തറവാട് വീടിന് മുന്നിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഒരു വർഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഗുണ്ട സംഘങ്ങളുടെ കുടിപ്പകയാണ് ഇതിന് പിന്നിലെന്ന് പൊലീസ്കണ്ടെത്തിയിരുന്നു.
സംഭവശേഷം ഒളിവിൽപോയ ഇവരെ ചെറായി ഭാഗത്തുനിന്നാണ് പിടികൂടിയത്. ആലുവ വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ രതീഷ് ബാബു, എ.എസ്.ഐമാരായ സജിമോൻ, ബിനോജ്, മുഹമ്മദ് നൗഫൽ, സിറാജുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.