ബാറിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് വഴിമാറി; കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ട യുവാവിന്‍റെ നില ഗുരുതരം
text_fieldsകറ്റാനം (ആലപ്പുഴ): ബാറിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് വഴിമാറിയതിനൊടുവിൽ കെട്ടിടത്തിന് മുകളിൽ നിന്നും തള്ളിയിട്ട യുവാവിന്‍റെ നില ഗുരുതരം. വള്ളികുന്നം കടുവിനാൽ സ്വദേശി വിശ്വലാലിനെയാണ് (28) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കറ്റാനം ജങ്ഷന് വടക്കുവശത്ത് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പോപ്പ് പയസ് സ്കൂളിന് സമീപത്തെ ഗ്രാന്‍റ് ജിംനേഷ്യത്തിന്‍റെ മുകൾ നിലയിൽ നിന്നാണ് താഴേക്ക് തള്ളിയിട്ടത്.
തിങ്കളാഴ്ച രാത്രി 11.30ഓടെ കെ.പി റോഡിൽ ചാരുംമൂട് ഭാഗത്തെ ബാറിലുണ്ടായ തർക്കമാണ് പിന്തുടർന്നുള്ള ആക്രമണത്തിന് വഴിമാറിയത്. വിശ്വലാലും സുഹൃത്തുക്കളായ പീറ്റർ അലക്സ്, അഖിൽ, ഗോകുൽ എന്നിവരും പുറത്തേക്ക് വരവെ ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കിൽ തട്ടിയതാണ് തർക്കങ്ങളുടെ തുടക്കം. ഇവിടെ നേരിയ സംഘർഷമുണ്ടായി.
തുടർന്ന് നാലുപേരും 12.30 ഓടെ കറ്റാനം ജങ്ഷനിലെ തട്ടുകടയിലെത്തി കാപ്പി കുടിച്ചുകൊണ്ടിരിക്കെ കാറിൽ എത്തിയ സംഘം ബൈക്കിന്‍റെ താക്കോൽ ഊരിയെടുത്തു. സംഗതി പന്തിയല്ലെന്ന് കണ്ട് ഇവർ ബൈക്ക് ഉരുട്ടി ജിംനേഷ്യത്തിന്‍റെ ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു.
രക്ഷപ്പെടാനായി മുകൾ നിലയിലേക്ക് ഓടിക്കയറിയ വിശ്വലാലിനെ പിന്തുടർന്ന് എത്തിയവർ തള്ളി താഴേക്കിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലക്ക് സാരമായി പരിക്കേറ്റ ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
13 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി കുറത്തികാട് പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

