ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം
text_fieldsഇരിങ്ങാലക്കുട: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. ചെങ്ങാലൂർ കുണ്ടുകടവ് പയ്യപ്പിള്ളി വീട്ടിൽ ബിരാജുവിനെയാണ് (43) ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി കെ.എസ്. രാജീവ് ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം നാലു വർഷം കൂടി തടവ് അനുഭവിക്കണം. കൊല്ലപ്പെട്ട യുവതിയുടെ പിതാവിന് നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
കോടശ്ശേരി കണ്ണോളി വീട്ടിൽ ജനാർദനന്റെ മകൾ ജീതുവാണ് (32) 2018 ഏപ്രിൽ 29ന് കൊല്ലപ്പെട്ടത്. കണ്ടുകടവിൽ കുടുംബശ്രീ യോഗത്തിന് എത്തിയ ജീതുവിനെ പിതാവിന് മുന്നിൽ വെച്ച് പ്രതി പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ജാമ്യത്തിനായി പ്രതി സുപ്രീം കോടതിയെ വരെ സമീപിച്ചുവെങ്കിലും ലഭിച്ചിരുന്നില്ല.
പുതുക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എസ്.പി. സുധീരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കറ്റുമാരായ ജിഷ ജോബി, വി.എസ്. ദിനൽ, എബിൻ ഗോപുരൻ എന്നിവർ ഹാജരായി.

