വിദ്യാർഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിന് ക്രൂര മർദനം: മൂന്ന് പേർ പിടിയിൽ
text_fieldsഎടപ്പാൾ: യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി അർഷാദ് (20), കുമരനെല്ലൂർ സ്വദേശി വിഷ്ണു (19), പ്രായപൂർത്തിയാവാത്ത എടപ്പാൾ സ്വദേശി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം നടന്നത്. പൊന്നാനി റോഡിൽ പ്രതികളായ യുവാക്കൾ വിദ്യാർഥിനിയെ ആക്രമിക്കാൻ ശ്രമിച്ചതോടെ വിദ്യാർഥിനി സമീപത്തെ ചായക്കടയിൽ അഭയം തേടി.
സംഭവം ശ്രദ്ധയിൽപ്പെട്ട ചായക്കടയിൽ ഉണ്ടായിരുന്ന യുവാവ് ചോദ്യം ചെയ്തതിൽ പ്രകോപിതരായ സംഘം യുവാവിനെ ക്രൂരമായി മർദിക്കുകയും മാരകായുധങ്ങൾ കൊണ്ട് തലയിലും മുഖത്തും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. എടപ്പാൾ ടൗണിലെ ഹോം ഗാർഡ് സംഭവസ്ഥലത്ത് എത്തിയതോടെ മൂന്ന് യുവാക്കളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളിൽ ഒരാളായ അർഷാദിനെ തടഞ്ഞു വെച്ചു ചങ്ങരംകുളം പൊലീസിന് കൈമാറി.
പരിക്കേറ്റ യുവാവ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എടപ്പാൾ ടൗണിൽ സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ച് വരുന്നതായി പരാതിയുണ്ട്. സ്കൂൾ വിട്ടുവരുന്ന വിദ്യാർഥിനികളോട് മോശമായി പെരുമാറുന്നതായാണ് പരാതി.