പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് ക്രൂര മർദനം; ആറുപേർ അറസ്റ്റിൽ
text_fieldsവണ്ടൂർ: ബൈക്കിെൻറ കാർബറേറ്റർ നൽകിയതുമായി ബന്ധപ്പെട്ട പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് ക്രൂരമർദനം. പോരൂർ ചാത്തങ്ങോട്ടുപുറം താലപ്പൊലിപ്പറമ്പിൽ വാടകവീട്ടിൽ താമസിക്കുന്ന വേലാമ്പറമ്പിൽ വിഷ്ണുവിനാണ് (23) ക്രൂര മർദനമേറ്റത്. ഇയാൾ അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചാരങ്കാവ് കോളനിയിലെ മേലേക്കളത്തിൽ രൂപേഷ് (24), മേലേക്കളത്തിൽ വിഷ്ണു (22), പന്നിക്കോട്ടിൽ ഷൈജു (27), അക്കരമ്മൽ രാജേഷ് (27), മഠത്തൊടി സുധീഷ് (മണി -24), പാലാംതൊടി ദേവദാസൻ (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചികിത്സയിലുള്ള വിഷ്ണുവിെൻറ സഹോദരൻ ജിഷ്ണു കുട്ടിപ്പാറയിലെ ബൈക്ക് വർക് ഷോപ്പിലെ ജീവനക്കാരനാണ്. അവിടെ ഒപ്പം ജോലി ചെയ്തിരുന്ന രൂപേഷ് മറ്റൊരു ബൈക്കിെൻറ കാർബറേറ്റർ ജിഷ്ണുവിന് നൽകിയിരുന്നു. ജിഷ്ണുവിെൻറ വീട്ടിലെത്തി അമ്മയുടെ കൈയിൽനിന്ന് രൂപേഷ് പണം വാങ്ങി പോയി. എന്നാൽ, താൻ നേരത്തേ 1000 രൂപ നൽകിയിരുന്നെന്ന് ജിഷ്ണു വീട്ടുകാരെ അറിയിച്ചു. പിറ്റേന്ന് ജിഷ്ണുവിെൻറ വീടിനു സമീപത്തുകൂടി രൂപേഷ് പോയപ്പോൾ അച്ഛൻ ശിവപ്രസാദും സഹോദരൻ വിഷ്ണുവും പണം വാങ്ങിയതിനെക്കുറിച്ചു ചോദിച്ചു. വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് രൂപേഷ് കൂട്ടുകാരെ വിളിച്ചുവരുത്തി. തുടർന്നുണ്ടായ അടിപിടിക്കിടെയാണ് വിഷ്ണുവിന് ഗുരുതര പരിക്കേറ്റത്.