കോട്ടക്കലിൽ എം.ഡി.എം.എയും നാല് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ് ഷഫീഖ്
കോട്ടക്കൽ: വിദ്യാർഥികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവിനെ എം.ഡി.എം.എയും നാല് കിലോയോളം കഞ്ചാവുമായി കുറ്റിപ്പുറം എക്സൈസ് പിടികൂടി. കാടാമ്പുഴ കൂട്ടാടമ്മൽ സ്വദേശി പുല്ലാട്ട് വീട്ടിൽ മുഹമ്മദ് ഷഫീഖാണ് (25) അറസ്റ്റിലായത്. കോട്ടക്കൽ- മലപ്പുറം റോഡിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചിരുന്ന ഷഫീഖിൽനിന്ന് 80 ഗ്രാം എം.ഡി.എം.എയും തുടർ അന്വേഷണത്തിൽ ഇന്ത്യനൂർ തലകാപ്പിലെ ബന്ധുവീട്ടിൽ ഒളിപ്പിച്ചുെവച്ചിരുന്ന 3.900 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ എം. സജീഷ് കുമാർ, പ്രിവൻറിവ് ഓഫിസർ യു. കുഞ്ഞാലൻകുട്ടി, മുസ്തഫ ചോലയിൽ, പ്രജോഷ്, മുഹമ്മദ് അലി, സി.ഇ.ഒമാരായ ലെനിൻ, ഷിഹാബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോട്ടക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മാഫിയയിൽനിന്നാണ് പ്രതി കഞ്ചാവ് വാങ്ങിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.