മൂന്ന് കോടിയിലധികം വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsമുഹമ്മദ്
ഹാരിസ്
മലപ്പുറം: അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടിയിലധികം രൂപ വിലവരുന്ന 311 ഗ്രാം എം.ഡി.എം.എ (മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിന്‍) മയക്കുമരുന്നുമായി ഒരാള്‍ മലപ്പുറത്ത് പിടിയില്‍. മൊറയൂര്‍ കക്കാട്ടുചാലില്‍ മുഹമ്മദ് ഹാരിസിനെയാണ് (29) അറസ്റ്റ് ചെയ്തത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍നിന്ന് എം.ഡി.എം.എ പോലുള്ള മാരക മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് കടത്തി വില്പന നടത്തുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
മൊറയൂര്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് ഹാരിസ്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ബംഗളൂരുവില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് 5,000 മുതല്‍ 10,000 രൂപ വരെ വിലയിട്ടാണ് വില്പന നടത്തുന്നതെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലുള്ളവരെ നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്ന് മൊറയൂര്‍ ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് മയക്കുമരുന്നുമായി ഒരാൾ കാറില്‍ വരുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഡിവൈ.എസ്.പി പി.എം. പ്രദീപ്, സി.ഐ ജോബി തോമസ്, എസ്.ഐ അമീറലി, ജില്ല ആൻറി നര്‍ക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരന്, പ്രശാന്ത് പയ്യനാട്, എന്‍.ടി. കൃഷ്ണ കുമാര്‍, കെ. ദിനേഷ്, കെ. പ്രഭുല്‍, സഹേഷ്, എ.എസ്.ഐ സിയാദ് കോട്ട, എസ്.സി.പി.ഒമാരായ സതീഷ് കുമാര്‍, രജീഷ്, ഹമീദലി, ജസീര്‍ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.