വിൽപനക്ക് കൊണ്ടുപോകവെ മയക്ക്മരുന്നുമായി യുവാവ് പിടിയിൽ
text_fieldsലിജു
പൂച്ചാക്കൽ: മയക്കുമരുന്നുമായി എറണാകുളം സ്വദേശി പിടിയിൽ. തമ്മനം മുല്ലോത്ത് വീട്ടിൽ ലിജുവാണ് (34) 138 ഗ്രാം എം.ഡി.എം.എ യുമായി പൊലീസ് വലയിലായത്. ബംഗളൂരുവിൽനിന്ന് ബസിൽ ചേർത്തലയിൽ എത്തിച്ച് വിൽപനക്ക് കൊണ്ടുപോകുമ്പോൾ വെള്ളിയാഴ്ച പൂച്ചാക്കൽ മണപ്പുറത്ത് സ്വകാര്യ ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മയക്കുമരുന്നിന് നാലു ലക്ഷം മാർക്കറ്റ് വിലയുണ്ടെന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.
കഴിഞ്ഞ ഒന്നാം തീയതി നാല് ഗ്രാം എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ അറസ്റ്റു ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലിജുവിനെ പിടികൂടാനായത്. കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുന്ന അരൂർ, അരൂക്കുറ്റി, പൂച്ചാക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപനയും ഉപയോഗവും കൂടി വരുന്നതായി എസ്.പി. പറഞ്ഞു. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, നാർകോട്ടിക് ഡി.വൈ.എസ്.പി. ബിനുകുമാർ, എസ്.എച്ച്.ഒ അജയ് മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ലിജുവിനെ കസ്റ്റഡിയിലെടുത്തത്.