വാഹനങ്ങള്‍ വാടകക്കെടുത്ത് മറിച്ചുവില്‍ക്കുന്ന യുവാവ് പിടിയില്‍
text_fieldsആളൂര്‍: കാറുകള്‍ വാടകക്കെടുത്ത് മറിച്ചുവിറ്റു തട്ടിപ്പ് നടത്തിവന്നിരുന്ന യുവാവ് അറസ്റ്റിൽ. ആളൂര്‍ മനക്കുളങ്ങര പറമ്പില്‍ ജിയാസിനെയാണ് (28) തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസിെൻറ നേതൃത്വത്തില്‍ ആളൂര്‍ എസ്.ഐ കെ.എസ്. സുബിന്ദ് അറസ്റ്റ് ചെയ്തത്.
ആഡംബര കാറുകളടക്കം മുപ്പതോളം വാഹനങ്ങള്‍ പലരില്‍ നിന്നായി ഇയാള്‍ തട്ടിയെടുത്ത് മറിച്ചു വിറ്റ് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ചാലക്കുടിയിലെ ഒരു സർവിസ് സെന്ററില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ അവിടെ വരുന്നവരെ അടക്കം നിരവധി പേരെ പറ്റിച്ച് കാറുകള്‍ തട്ടിയെടുത്തതായി പറയുന്നു. കുറഞ്ഞ നിരക്കില്‍ സർവിസ് ചെയ്തു തരാമെന്നും കൂടുതല്‍ വാടക തരാമെന്നും പറഞ്ഞാണ് ഇയാള്‍ കാറുകള്‍ കൈപ്പറ്റിയിരുന്നത്.
അറസ്റ്റുവിവരമറിഞ്ഞ് നിരവധി പേര് ആളൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. സ്വദേശിയുടെ കാര്‍ തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കാര്‍ കുറച്ചുദിവസം മുമ്പ് കഞ്ചാവുമായി പിടികൂടിയിരുന്നു. ആളൂര്‍ സ്വദേശിനിയുടെ പേരിലുള്ള മറ്റൊരു കാര്‍ തട്ടിയെടുത്ത കേസിലാണ് ഇപ്പോള്‍ ഇയാള്‍ അറസ്റ്റിലായത്.