ജ്വല്ലറി ഉടമയെ ആക്രമിച്ച് പണം കവർന്ന യുവാവ് അറസ്റ്റിൽ
text_fieldsമനീഷ്
കട്ടപ്പന: ജ്വല്ലറി ഉടമയെ കുത്തിപ്പരിക്കേൽപിച്ച് ആറുലക്ഷം രൂപ കവർന്ന കേസിൽ ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷ് (35) അറസ്റ്റിൽ. അപഹരിച്ച പണം കണ്ടെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു. ഇരട്ടയാറിലെ എയ്ഞ്ചൽ ജ്വല്ലറി ഉടമ എഴുകുംവയൽ സ്വദേശി സിജോയെയാണ് കുത്തിപ്പരിക്കേൽപിച്ച് പണം അപഹരിച്ചത്. കഴിഞ്ഞ 30ന് രാത്രി 8.30നാണ് സംഭവം.
പഴയ സ്വർണം കുറഞ്ഞ വിലക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് സിജോയെ മുൻകൂട്ടി പറഞ്ഞുറപ്പിച്ച ഈട്ടിത്തോപ്പിലെ ഒരിടത്ത് ആറുലക്ഷം രൂപയുമായി എത്തിച്ചു. ഇവിടെവെച്ച് സ്വർണാഭരണത്തിെൻറ കാര്യത്തിൽ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും സിജോയെ കുത്തിപ്പരിക്കേൽപിച്ചശേഷം ആറുലക്ഷം രൂപ കവർന്നെടുക്കുകയുമായിരുന്നു.
പരിക്കേറ്റ സിജോ കാറോടിച്ച് വീട്ടിലെത്തിയതോടെ വീട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽപോയ മനീഷിനെ തങ്കമണി സ്റ്റേഷൻ ഇൻസ്പെക്ടർ അജിത്ത്, എസ് .ഐ അഗസ്റ്റിൻ എ.എസ്.ഐ ജോസഫ്, രവീന്ദ്രൻ സന്തോഷ്, സി.പി. വിനോദ്, രാജേഷ്, ലിജോ, രഞ്ജിത എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.