പ്രണയം നടിച്ച് മദ്യം നൽകി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
text_fieldsചങ്ങരംകുളം (മലപ്പുറം): പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 22കാരനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എരമംഗലം സ്വദേശി വാരിപുള്ളിയിൽ ജുനൈസിനെ (22) ആണ് അന്വേഷണ സംഘം നാടകീയ നീക്കങ്ങൾക്കൊടുവിൽ പിടികൂടിയത്.
ഏപ്രിൽ 19നാണ് ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലുള്ള യുവതിയെ ജുനൈസ് പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചത്. പീഡനദൃശ്യം മൊബൈലിൽ പകർത്തിയ യുവാവ് ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണാഭരണവും കവർന്നെടുത്തു.
പിന്നീട് ദൃശ്യങ്ങൾ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ചുകൊടുത്ത് ഭീഷണി തുടർന്നു. ബന്ധുവായ യുവതിയോട് തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കിൽ പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണി തുടർന്നതോടെ ബന്ധുക്കൾ ചങ്ങരംകുളം പൊലീസിന് പരാതി നൽകുകയായിരുന്നു.
ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നിർദേശപ്രകാരം എസ്.ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എടപ്പാളിൽ വെച്ച് കാർ തടഞ്ഞ് എസ്.ഐ ഹരിഹരസൂനുവിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ സനോജ്, സി.പി.ഒ സുരേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു.
പീഡനം നടന്ന ലോഡ്ജിൽ എത്തിച്ച് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഇയാളുടെ മൊബൈലും പ്രതി സഞ്ചരിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ ഇത്തരത്തിൽ മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

