വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരന് ബ്രൗൺഷുഗർ കൈമാറാനെത്തിയ യുവാവ് അറസ്റ്റിൽ
text_fieldsവിയ്യൂരിലെ അതി സുരക്ഷ ജയിലിൽ തടവുകാരന് നൽകാനെത്തിയ ചെരിപ്പിൽ രഹസ്യമായി ഒളിപ്പിച്ച ബ്രൗൺ ഷുഗർ പൊലീസ് കണ്ടെത്തിയപ്പോൾ. പ്രതി ഇജാസ് സമീപം
തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരന് ലഹരിവസ്തു കൊടുക്കാനെത്തിയ യുവാവ് പിടിയിലായി. നിരവധി കേസുകളിലെ പ്രതി കരുനാഗപ്പള്ളി വവ്വാക്കാവ് വരവിളയിൽ തറയിൽ തെക്കേതിൽ ഇജാസാണ് (38) അറസ്റ്റിലായത്. ഒരു കേസിൽ ശിക്ഷയനുഭവിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇജാസ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നിറങ്ങിയത്.
തടവുകാരന് നൽകാൻ ജയിലധികൃതർക്ക് കൈമാറിയ ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്. ജയിലിലെ ഫോൺ വിളികളിൽ നിരീക്ഷണം ഏർപ്പെടുത്തിയതും വിളികൾ റെക്കോഡ് ചെയ്യപ്പെട്ടതുമാണ് വിനയായത്. തടവുകാരൻ ഭാര്യയോട് ഫോണിൽ സംസാരിക്കുന്നതിനായി വിളിച്ച് ഇതിലൂടെ കോൺഫറൻസ് കോളായി മാറ്റിയാണ് ഇജാസുമായി സംസാരിച്ചത്. പൊടി വേണമെന്ന തടവുകാരെൻറ ആവശ്യത്തോട് ശനിയാഴ്ച ചെരിപ്പ് നൽകാനെത്താമെന്നും അതിനുള്ളിലുണ്ടാവുമെന്നും അറിയിക്കുകയായിരുന്നു.
സംഭാഷണം റെക്കോഡ് ചെയ്തത് ശ്രദ്ധിച്ച ജയിലധികൃതർ ഇജാസിെൻറ വരവിനായി കാത്തിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ എത്തിയ ഇജാസ് തടവുകാരന് കൈമാറാനായി ചെരിപ്പ് നൽകി. ജയിലധികൃതർ ചെരിപ്പ് പരിശോധിച്ചതിൽ ബ്രൗൺഷുഗർ ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. അതിസുരക്ഷ ജയിൽ സൂപ്രണ്ട് ബി. സുനിൽകുമാറിെൻറ പരാതിയിൽ വിയ്യൂർ പൊലീസ് ഇജാസിനെ അറസ്റ്റ് ചെയ്തു.
വിയ്യൂർ സെൻട്രൽ ജയിലിലും അതിസുരക്ഷ ജയിലിലും പൂജപ്പുര സെൻട്രൽ ജയിലിലുമാണ് തടവുകാരുടെ ഫോൺവിളികൾ റെക്കോഡ് ചെയ്യുന്ന സംവിധാനമുള്ളത്.