ആഡംബര ഹോട്ടലുകളിൽ താമസിച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് അറസ്റ്റിൽ
text_fieldsമനു മോഹനൻ
കട്ടപ്പന: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണം നൽകാതെ മുങ്ങുകയും ബാങ്കുകളിൽനിന്ന് വായ്പ തരപ്പെടുത്തി കൊടുക്കാമെന്നുപറഞ്ഞ് പലരിൽനിന്ന് പണം തട്ടുകയും ചെയ്ത യുവാവ് അറസ്റ്റിൽ.
പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനു മോഹനനെയാണ് (29) കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോെൻറ നേതൃത്വത്തിലുള്ള സംഘം ഗോവയിലെ കലാംഗെട്ടയിൽനിന്ന് അറസ്റ്റ് ചെയ്തത്.
അണക്കരയിലെ ആഡംബര ഹോട്ടലിൽ താമസിച്ച് പണം നൽകാതെ മുങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. 2020 ഡിസംബർ 18നാണ് ഇയാൾ താമസത്തിനെത്തിയത്. 2021 മാർച്ച് ഒമ്പത് വരെ ഇവിടെ കുടുംബസമേതം താമസിച്ചു. ഭക്ഷണം കഴിച്ച വകയിൽ 3,17,000 രൂപ കൊടുക്കാതെ ഗോവയിലേക്ക് മുങ്ങുകയായിരുന്നു.
എറണാകുളം, പൊൻകുന്നം, തോപ്പുംപടി, മുനമ്പം സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്.
എറണാകുളത്തെ ഉജ്ജീവൻ ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പ ശരിയാക്കി നൽകാമെന്നുപറഞ്ഞ് മുനമ്പം സ്വദേശിയിൽനിന്ന് പണം തട്ടിയിരുന്നു. ഇയാൾ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിലും കേസുണ്ട്. വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിലാണ് പൊൻകുന്നത്ത് കേസ്.
കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് പീരുമേട് സബ് ജയിലിലാക്കി. എസ്.ഐ സജിമോൻ ജോസഫ്, എ.എസ്.ഐ ബേസിൽ പി. ഐസക്, സിവിൽ പൊലീസ് ഓഫിസർമാരായ ടോണി ജോൺ, അനീഷ് വി.കെ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.