യുവാവിനെ ആക്രമിച്ച കേസിൽ മുങ്ങിനടന്ന യുവാവ് പിടിയിൽ
text_fieldsവിഷ്ണു
കരുനാഗപ്പള്ളി: യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച ശേഷംമുങ്ങി നടന്ന യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് വടക്ക് ആനയടിമുറിയിൽ വിഷ്ണു (22) ആണ് പിടിയിലായത്. പാവുമ്പ സുരഭി മന്ദിരത്തിൽ പ്രേംകുമാറിനെ (27) ആണ് ഇയാൾ ആക്രമിച്ചത്. പ്രതിയുടെ വീട്ടിൽ വിദേശമദ്യം സൂക്ഷിച്ച് വെച്ച് വിൽപന നടത്തുന്ന വിവരം പ്രേംകുമാർ പൊലീസിൽ അറിയിച്ചതിലുള്ള വിരോധത്തിലായിരുന്നു ആക്രമണം. കഴിഞ്ഞ ഡിസംബർ 23ന് രാത്രി 10.30ന് ഇയാളുടെ വീട്ടിൽ രണ്ടു സുഹൃത്തുക്കളുമായി ബൈക്കിലെത്തിയ പ്രതി ഇരുമ്പു പ്ലേറ്റുകൊണ്ട് മർദിക്കുകയായിരുന്നു. തടയാനുള്ള ശ്രമത്തിൽ പ്രേംകുമാറിന്റെ ഇടതു കൈക്ക് പരിക്കേറ്റു. യുവാവിന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവശേഷം പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കൊല്ലം സിറ്റി കമീഷണർ ടി. നാരായണന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി ഷൈനുതോമസിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, സിദ്ധിഖ്, എ.എസ്.ഐ നന്ദകുമാർ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.