എക്സ്റേ യന്ത്രം തട്ടി നടുവൊടിഞ്ഞ സംഭവം അന്വേഷിക്കാൻ നിർദേശം
text_fieldsആറ്റിങ്ങൽ: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ വിദ്യാര്‍ഥിനിയുടെ നടു എക്സ്റേ യന്ത്രം തട്ടി ഒടിഞ്ഞെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ചിറയിൻകീഴ് കൂന്തള്ളൂർ മണ്ണ്വിള വീട്ടിൽ ലതയുടെ മകൾ ആദിത്യയാണ് നടുവൊടിഞ്ഞ് ചികിത്സയിലുള്ളത്.
തൊണ്ടയിൽ മീൻമുള്ള് കൊണ്ട ആദിത്യ എക്സ്റേ എടുക്കുന്നതിനിടയിലാണ് മെഷീന്റെ പ്ലേറ്റ് ഇളകി വീണ് നടുവിന്റെ ഭാഗത്ത് ഇടിച്ച് പരിക്കേറ്റത്. സംഭവം നിസ്സാരവത്കരിക്കാൻ ശ്രമിച്ച ആശുപത്രി അധികൃതർ വിദഗ്ധ ചികിത്സ പോലും ലഭ്യമാക്കിയില്ലെന്നാണ് ആക്ഷേപം. സംഭവം ഒതുക്കിത്തീർക്കാനുള്ള ജീവനക്കാരുടെയും എച്ച്.എം.സിയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ശ്രമം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

