തൊഴിലാളികൾ തമ്മിൽ തർക്കം: ഒരാൾ കൊല്ലപ്പെട്ടു; രണ്ടുപേർ പിടിയിൽ
text_fieldsകൊച്ചി: ആമ്പല്ലൂർ പഞ്ചായത്തിലെ ഞണ്ടുകാട് തുരുത്തിൽ റിസോർട്ട് നിർമാണത്തിനെത്തിയ തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മയ്യനാട് സ്വദേശി മുജീബാണ് (48) കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുജീബിന്റെ സഹപ്രവർത്തകരും തിരുവനന്തപുരം സ്വദേശികളുമായ രാജു, രഞ്ജിത്ത്, സുമേഷ് എന്നിവരെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മുജീബിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഞണ്ടുകാട് തുരുത്തിലെ ‘ചാക്കനാട്ട് ഹൗസ്’ എന്ന പഴയ വീട് റിസോർട്ടാക്കി മാറ്റുന്ന ജോലികൾക്കായാണ് ഇവർ നാലുപേരും ഇവിടെ താമസിച്ചിരുന്നത്. രാത്രി പാടശേഖരത്തിന് സമീപം ഷെഡിലിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. അതിനിടെ നിർമാണ സൈറ്റിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് മുജീബിന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ മുജീബിനെ അവിടെത്തന്നെ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
തുടർന്ന്, പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചത്. രാത്രി തന്നെ പൊലീസ് പ്രതികളെ പിടികൂടി. മുമ്പ് മുജീബുമായി പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും അതിന്റെ തുടർച്ചയായുണ്ടായ കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
തീരദേശ നിയന്ത്രണ മേഖലയിലെ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കോണോത്തുപുഴയുടെ തീരത്തുള്ള തുരുത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. സി.ആർ.സെഡ് (CRZ) മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിക്കുന്ന കെട്ടിടത്തിനെതിരെ ആമ്പല്ലൂർ പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ, ഉത്തരവുകൾ ലംഘിച്ച് നിർമാണം തുടരുകയായിരുന്നു. പ്രദേശവാസിയായ ഒരാളുടെ വീട് പാട്ടത്തിനെടുത്ത് റിസോർട്ടാക്കി മാറ്റുന്ന ജോലികളാണ് ഇവിടെ നടന്നുകൊണ്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

