പയ്യന്നൂരിൽ മന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ആറ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കസ്റ്റഡിയിൽ
text_fieldsപയ്യന്നൂർ: പയ്യന്നൂരിൽ കായിക മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ. ജനീഷിന്‍റെ കാർ തടയുകയും സന്ദീപ് വാര്യർ എം.എൽ.എയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളായ ആറംഗ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കസ്റ്റഡിയിൽ. ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് സി. ഷിജിൽ, നേതാക്കളായ എം.കെ. ലജീഷ്, കെ.എസ്. സുബിൻ, ടി.വി. നിധിൻ, എം.ടി. അക്ഷയ്, പി. ജിഷ്ണു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂർ പെരുമ്പ പാലത്തിനടുത്ത് വെച്ച് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്‍റെ വാഹനം തടഞ്ഞു നിർത്തി വാഹനത്തിൽ കൈകൊണ്ട് ഇടിച്ചും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, തടയാൻ ചെന്ന പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
വാഹനത്തിന് പിറകെ വന്ന തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യരുടെ വാഹനം തടസപ്പെടുത്തുകയും വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ എം.എൽ.എയെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. പിന്തിരിപ്പിക്കാൻ വന്ന പൊലീസ് ഉദ്യോഗസ്ഥരെ ബലപ്രയോഗം നടത്തി ഡ്യൂട്ടി തടസപ്പെടുത്തുകയും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത് ഹൈവേയിലൂടെയുള്ള പൊതുജനങ്ങളുടേയും വാഹനങ്ങളുടേയും സഞ്ചാരം അര മണിക്കൂറോളം തടസപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

