അണുങ്ങോട് മരമില്ലിന് തീവെച്ച സംഭവം: പ്രതി അറസ്റ്റിൽ
text_fieldsകേളകം: അണുങ്ങോട് മരമില്ലിന് തീവെച്ച സംഭവത്തിൽ പ്രതിയെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. അണുങ്ങോട് ലക്ഷംവീട് കോളനിയിലെ ജയനെയാണ് പിടികൂടിയത്.
ശനിയാഴ്ച പുലർച്ചയാണ് അണുങ്ങോട് മരമില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ മര ഉരുപ്പടികൾ കത്തിനശിച്ചത്. തീപിടിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പ്രദേശവാസികൾ കണ്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. അപ്പോഴേക്കും മില്ലിൽ സ്ഥാപിച്ച യന്ത്രങ്ങളും മര ഉരുപ്പടികളും അടക്കം കത്തിനശിച്ചിരുന്നു.
കേളകം എസ്.ഐ ജാൻസി മാത്യു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി മില്ലിൽനിന്ന് വിറക് കൊണ്ടുപോയതുമായുണ്ടായ തർക്കമാണ് തീവെപ്പിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇടക്ക് ഇയാൾ മിൽ ഉടമയുടെ അനുവാദം വാങ്ങി വിറക് കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം അനുവാദമില്ലാതെ വിറക് കൊണ്ടു പോയതിനെ തുടർന്ന് മിൽ ഉടമ ഇയാളെ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് തീവെപ്പിന് ഇടയാക്കിയതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.