
ബംഗളൂരുവിൽ വിവാഹാഭ്യർഥന നിരസിച്ച 23കാരിയെ 22കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി
text_fieldsബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ മുൻ സഹപ്രവർത്തകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ബംഗളൂരുവിൽ തിങ്കളാഴ്ച നടുറോഡിൽ വെച്ചായിരുന്നു അതിക്രമം.
സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ 23കാരി അനിതയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 22കാരൻ വെങ്കടേഷിനെ പൊലീസ് പിടികൂടി. ആന്ധ്രപ്രദേശ് സ്വദേശികളാണ് ഇരുവരും. മൂന്നുവർഷത്തോളം ഇരുവരും ഒരേ കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു.
രാവിലെ ഏഴുമണിയോടെ അനിത ജോലിക്ക് പോകുന്നതിനിടെയാണ് അക്രമം. തടഞ്ഞുനിർത്തി വിവാഹാഭ്യർഥന നടത്തുകയായിരുന്നു. യുവാവിന്‍റെ ആവശ്യം അനിത നിരസിച്ചതോടെ കത്തിയെടുത്ത് കഴുത്തറുത്തു. അനിതയുടെ കഴുത്തിൽനിന്ന് രക്തം വരാൻ തുടങ്ങിയതോടെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും നിമിഷങ്ങൾക്കകം മരിക്കുകയായിരുന്നു.
വെങ്കടേഷിനെ അറസ്റ്റ് ചെയ്തതായും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ആയുധം കണ്ടെടുത്തതായും ഡി.സി.പി സഞ്ജീവ് എം. പട്ടീൽ പറഞ്ഞു.
മൂന്നുമാസത്തോളം വെങ്കടേഷ് അനിതയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, പെൺകുട്ടിയുടെ കുടുംബം വിവാഹത്തിന് എതിർപ്പ് അറിയിക്കുകയും മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയുമായിരുന്നു. ഇത് അറിഞ്ഞതോടെയാണ് വെങ്കടേഷ് അനിതയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.