കൊന്ന് കത്തിച്ചശേഷം ഗ്യാസ് തുറന്നുവിട്ട് ഫ്ളാറ്റിന് തീയിട്ടു; 32കാരന്‍റെ മരണത്തിനു പിന്നിൽ ലിവ്ഇൻ പങ്കാളിയും മുൻകാമുകനും
text_fieldsഅമൃത ചൗഹാൻ, രാംകേഷ് മീണ (Photo:X/@ShoneeKapoor)
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസസ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്ന 32കാരനെ കൊന്ന് മൃതദേഹം ഫ്‌ളാറ്റിലിട്ട് കത്തിച്ച സംഭവത്തില്‍ ലിവ്ഇന്‍ പങ്കാളിയായ യുവതിയടക്കം മൂന്നുപേര്‍ പൊലീസിന്‍റെ പിടിയിലായി. യുവതി മുന്‍ കാമുകനുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയിലെ മൂന്നാമത്തെയാൾ ഇവരുടെ പൊതു സുഹൃത്താണ്. ഡല്‍ഹി തിമര്‍പുരില്‍ താമസിച്ചിരുന്ന രാംകേശ് മീണയെ കൊലപ്പെടുത്തിയ കേസിലാണ് അമൃത ചൗഹാന്‍, ഇവരുടെ മുന്‍ കാമുകന്‍ സുമിത് കശ്യപ്, സുഹൃത്തായ സന്ദീപ് കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ആറിനാണ് രാംകേശ് മീണയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിമര്‍പുരിലെ ഗാന്ധി വിഹാറില്‍ തീപിടിത്തം ഉണ്ടായതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കെട്ടിടത്തിലെ നാലാം നിലയിലെ ഫ്‌ളാറ്റില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരുന്ന ലിവ് ഇന്‍ പാര്‍ട്നറുടെ സ്വകാര്യ വിഡിയോകള്‍ നശിപ്പിക്കാന്‍ 32കാരന്‍ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം. തീപിടിത്തവുമായി ബന്ധപ്പെട്ട് കെട്ടിടത്തില്‍നിന്നുള്ള സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്‍റെ തെളിവുകൾ ലഭിച്ചത്.
തീപിടിത്തത്തിന്റെ തലേദിവസം മുഖം മറച്ച രണ്ട് പേര്‍ കെട്ടിടത്തിലേക്ക് കയറിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം കേസിന് തുമ്പായി. ലിവ്-ഇന്‍ പാര്‍ട്ണറായ അമൃത ചൗഹാന്‍ കെട്ടിടം വിട്ട ഉടനെ തീപിടുത്തമുണ്ടായതായി ദൃശ്യങ്ങളില്‍ വ്യക്തമായി. സംഭവം നടക്കുമ്പോള്‍ അമൃതയുടെ ഫോണ്‍ രാംകേശ് മീണയുടെ ഫ്‌ളാറ്റിനടുത്തായിരുന്നുവെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
സംഭവത്തിന് ശേഷം അമൃതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ഒക്ടോബര്‍ 18നാണ് അമൃതയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് കൂട്ടുപ്രതികളായ മുന്‍ കാമുകന്‍ സുമിത് കശ്യപ്, സന്ദീപ് കുമാര്‍ എന്നിവരുടെ പങ്ക് വ്യക്തമായത്. ഇക്കഴിഞ്ഞ മേയിലാണ് താന്‍ രാംകേശിനെ കണ്ടുമുട്ടിയതെന്നും താമസിയാതെ അടുപ്പത്തിലായെന്നും അമൃത പൊലീസിനോട് പറഞ്ഞു. ഗാന്ധി വിഹാര്‍ ഫ്‌ളാറ്റില്‍ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.
ഒരുമിച്ച് കഴിയുന്നതിനിടെ രാംകേശ് യുവതിയുടെ നിരവധി സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് ഹാര്‍ഡ് ഡിസ്‌കിലാക്കി സൂക്ഷിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ യുവതി ദൃശ്യങ്ങൾ നീക്കംചെയ്യാന്‍ രാംകേശിനോട് ആവശ്യപ്പെട്ടു. എന്നാല്‍, പലതവണ ആവശ്യപ്പെട്ടിട്ടും ദൃശ്യം നീക്കംചെയ്യാന്‍ യുവാവ് തയാറായില്ല. ഇതോടെ അമൃത തന്റെ മുന്‍കാമുകനായ സുമിത്തിനെ വിവരമറിയിച്ചു. തുടര്‍ന്ന് സുമിത്തും അമൃതയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും സംഭവം തീപിടിത്തമായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.
സുമിത് ഒരു എല്‍.പി.ജി വിതരണകേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടാല്‍ പൊട്ടിത്തെറിക്കാന്‍ എത്രസമയം വേണ്ടിവരുമെന്നും എങ്ങനെ അപകടമുണ്ടാകുമെന്നുമെല്ലാം ഇയാള്‍ക്ക് അറിയാമായിരുന്നു. മുഖ്യപ്രതിയായ അമൃത ഫൊറന്‍സിക് സയന്‍സ് ബിരുദ വിദ്യാര്‍ഥി കൂടിയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രൈം വെബ്‌സീരിസിലെ ചില കഥകളും പ്രതികള്‍ക്ക് കൃത്യം ആസൂത്രണംചെയ്യാന്‍ സഹായകമായി. ഇതിനുപിന്നാലെയാണ് ഇരുവരും സഹായത്തിനായി സുഹൃത്തായ സന്ദീപ് കുമാറിനെയും കൂടെക്കൂട്ടിയത്.
ഒക്ടോബര്‍ അഞ്ചിന് സുമിത്തും സന്ദീപും ചേര്‍ന്ന് രാംകേശിനെ അടിച്ചു വീഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം അവര്‍ എണ്ണ, നെയ്യ്, വീഞ്ഞ് എന്നിവ ഒഴിച്ച് കത്തിച്ചു. സുമിത് അടുക്കളയില്‍നിന്ന് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവന്ന് രാംകേശിന്റെ തലയ്ക്ക് സമീപം വച്ചതായും പൊലീസ് പറഞ്ഞു. നോബ് തിരിച്ചപ്പോള്‍ മുറിയില്‍ ഗ്യാസ് നിറയാന്‍ തുടങ്ങി. പ്രതികൾ ഇതിനകം രാംകേശിന്റെ രണ്ട് ലാപ്ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കും മറ്റ് സാധനങ്ങളും എടുത്തു. ലൈറ്റര്‍ ഉപയോഗിച്ച് തീ കത്തിച്ച ശേഷം പ്രധാന വാതില്‍ പൂട്ടി. കെട്ടിടം വിട്ടിറങ്ങി ഒരു മണിക്കൂറിന് ശേഷം സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പ്രതികളുടെ മൊബൈല്‍ഫോണുകളടക്കം പിടിച്ചെടുത്തെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

