യുവതി തൂങ്ങിമരിച്ച കേസ്: ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsജാഫർ
ബേക്കൽ: ബോവിക്കാത്തെ ശൈമ എന്ന ഹലീമ (35) ശുചിമുറിയിൽ തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാസര്‍കോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വാച്ചു കട നടത്തുന്ന ജാഫറിനെയാണ് (40) ബേക്കല്‍ ഡിവൈ.എസ്.പി വി.വി. മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒരുമാസത്തിലധികമായി ഒളിവിലായിരുന്നു ജാഫർ. മൊബൈൽ ഫോൺ ഓണാക്കിയതോടെ തിരുവനന്തപുരം ശ്രീകാര്യത്തുനിന്നാണ് ജാഫർ പിടിയിലായത്. വ്യാഴാഴ്ച രാവിലെ ബേക്കൽ ഡിവൈ.എസ്.പി ഓഫിസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഒക്ടോബര്‍ 15ന് രാത്രിയാണ് ശൈമയെ വാടകവീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയില്‍ കണ്ടത്. ഇവർ മരിച്ച ദിവസംതന്നെ ജാഫര്‍ ഒളിവില്‍ പോയിരുന്നു. കര്‍ണാടക സ്വദേശിനിയായ ശൈമ മാനസികമായും ശാരീരികമായും പീഡനം നേരിടേണ്ടിവന്നിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ശൈമ ജീവനൊടുക്കിയതെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയുടെ ബന്ധുക്കൾ കൊലപാതകമാണെന്നായിരുന്നു ആരോപിച്ചിരുന്നത്. മരണകാരണം വിവരിച്ചുകൊണ്ടുള്ള കുറിപ്പ് വനിത പൊലീസ് നടത്തിയ ഇന്‍ക്വസ്റ്റിലാണ് കണ്ടെത്തിയിരുന്നത്. യുവതിയെ സംശയിച്ച് ജാഫർ ക്വാർട്ടേഴ്സിൽ സി.സി.ടി.വി കാമറയും സ്ഥാപിച്ചിരുന്നതായി പറയുന്നു.

