ഭൂമി എഴുതി നൽകാൻ തയാറായില്ല; ഉടമയായ യുവതിയുടെ സ്തനങ്ങൾ അറുത്തുമാറ്റി; പ്രതികൾ ഒളിവിൽ
text_fieldsപട്‌ന: ഭൂമി രജിസ്റ്റർ ചെയ്ത് നൽകാൻ വിസ്സമതിച്ചതിന് ഉടമയായ യുവതിയുടെ സ്തനങ്ങൾ അറുത്തുമാറ്റി ഗ്രാമത്തിലെ പ്രബലന്റെ നേതൃത്വത്തിലുള്ള സംഘം. വെള്ളിയാഴ്ച രാത്രി ബിഹാറിലെ ബെഗുസാരായ് ജില്ലയിലെ തിയായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മല്ലിപൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരത
ഗുരുതരമായി പരിക്കേറ്റ യുവതി സദർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗ്രാമത്തിലെ പ്രമുഖനായ ദയാനന്ദ് പാസ്വാനും സംഘവുമാണ് അതിക്രമം കാട്ടിയത്. യുവതിയുടെ ഭർത്താവും മകനും മറ്റൊരു സംസ്ഥാനത്താണ് ജോലി ചെയ്യുന്നത്. രാത്രി വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം, യുവതിയെ മർദിക്കുകയും സ്തനങ്ങൾ മുറിച്ചുമാറ്റുകയുമായിരുന്നു. പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു.
യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഉടൻ ആശുപത്രിയിൽ എത്തിച്ചത്. ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായും ദയാനന്ദ് പാസ്വാനും സംഘത്തിനുമെതിരെ കേസെടുത്തതായും സ്റ്റേഷൻ എസ്.എച്ച്.ഒ അറിയിച്ചു. കൊലപാതകശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവിൽപോയ പ്രതികളെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
യുവതിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ ഭൂമി പാസ്വാൻ നോട്ടമിട്ടിരുന്നു. ഇത് തന്റെ പേരിൽ എഴുതിത്തരാൻ ആവശ്യപ്പെട്ട് ഇയാൾ പലതവണ യുവതിയെ സമീച്ചു. പകുതി ഭൂമിയെങ്കിലും എഴുതിത്തരാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. ഇതിന്‍റെ ദേഷ്യത്തിലാണ് രാത്രി 11ഓടെ പാസ്വാനും സഹായികളും വീട് ആക്രമിക്കുകയും യുവതിയെ ക്രൂരമായി ആക്രമിക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

