റെയിൽ പാലത്തിന് സമീപം യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ; ട്രെയിനിൽനിന്ന് എറിഞ്ഞതെന്ന് സംശയം
text_fieldsബംഗളൂരു: ബംഗളൂരുവിന് സമീപം ചന്ദാപുരയിലെ റെയിൽവേ പാലത്തിന് സമീപത്തുനിന്നും യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് എറിഞ്ഞതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചന്ദാപുര -ഹൊസൂർ റോഡരികിലാണ് സ്യൂട്ട്കേസ് കണ്ടെത്തിയത്. തോളറ്റം മുടിയുള്ള ഇരുനിറത്തിലുള്ള യുവതിക്ക് ഉദ്ദേശം 18 വയസ്സ് പ്രായം തോന്നിക്കുമെന്നും തിരിച്ചറിയാൻ കഴിയുന്നവർ വിവരം കൈമാറണമെന്നും ബംഗളൂരു പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി ആശുപത്രിയിലേക്ക് മാറ്റി.
“മറ്റെവിടെയോ വച്ച് കൊലചെയ്ത ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കുകയും പിന്നീട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ഉപേക്ഷിച്ചെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കുന്നത്. തിരിച്ചറിയാൻ കഴിയുന്ന എന്തെങ്കിലും രേഖയോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല. പേര്, പ്രായം, സ്ഥലം ഒന്നും നിലവിൽ വ്യക്തമല്ല. ട്രെയിനിൽനിന്ന് ഉപേക്ഷിച്ചതാണെങ്കിൽ കേസ് റെയിൽവേ പൊലീസിന്‍റെ അന്വേഷണ പരിധിയിലായിരിക്കും. സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം മാത്രമാണ് ഉണ്ടായിരുന്നത്” -ബംഗളൂരു റൂറൽ എസ്.പി സി.കെ. ബാബ പറഞ്ഞു.
സമാനമായ മറ്റൊരു കേസിൽ, മാർച്ചിൽ 32കാരിയായ ഗൗരി അനിൽ സംബേദ്കറെ കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ അവരുടെ ഭർത്താവ് രാകേഷ് സംബേദ്കറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ബംഗളൂരുവിലെത്തിയത്. രാകേഷ് ഐ.ടി കമ്പനിയിലെ ജോലിക്കാരനായിരുന്നു. കൊലപാതകത്തിനുശേഷം ഭാര്യ വീട്ടുകാരെ വിളിച്ച് ഇയാൾതന്നെ കുറ്റം ഏറ്റുപറയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

