കണ്ണൂരിൽ പൊലീസ് ആസ്ഥാനത്ത് യുവതിയുടെ പിറന്നാൾ ആഘോഷം, റീൽസ് ചിത്രീകരണം; ഒമ്പതാംനാൾ അഞ്ചുപേർക്കെതിരെ കേസ്
text_fieldsകണ്ണൂർ പൊലീസ് ആസ്ഥാനത്തെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ദൃശ്യം
കണ്ണൂർ: കണ്ണൂരിൽ പൊലീസ് ആസ്ഥാനത്ത് പൊലീസ് എന്ന വ്യാജേന യുവാക്കൾ അതിക്രമിച്ചുകയറി യുവതിയുടെ പിറന്നാളാഘോഷവും റീൽസ് ചിത്രീകരണവും. കണ്ണൂർ സിറ്റി ജില്ല പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ക്യാമ്പിൽ നടന്ന ആഘോഷം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
പൊലീസിനെ അപകീർത്തിപ്പെടുത്തുകയും സേനയുടെ അന്തസ്സിന് കളങ്കം വരുത്തുകയും ചെയ്തെന്ന് കാണിച്ച് ആഘോഷം നടന്ന് ഒമ്പതാംനാൾ ടൗൺ പൊലീസ് കേസെടുത്തു. കണ്ണൂർ നഗരത്തിലെ യുവതി ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസ്. സുരക്ഷ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ടും നൽകി.
ഈ മാസം 16നാണ് ധന്യ എന്ന യുവതിയുടെ പിറന്നാൾ ആഘോഷം പൊലീസ് ആസ്ഥാനത്ത് നടന്നത്. പൊലീസ് വാഹനത്തിനു പിന്നിൽ ഒളിച്ചിരുന്ന നാല് യുവാക്കൾ ഓടിവന്ന് കേക്കുമുറിക്കുന്നതും സന്തോഷം പ്രകടിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ടൗൺ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന വ്യാജേന ഫോണിൽ യുവതിയെ വിളിച്ചുവരുത്തിയായിരുന്നു പിറന്നാളാഘോഷത്തിന്റെ തുടക്കം.
യുവതിയുടെ വാഹനമിടിച്ച് ഒരാൾ മരിച്ചെന്നും അത് പറഞ്ഞുതീർക്കാനായി സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടുമായിരുന്നു ആ ഫോൺ വിളി. പൊലീസ് വാഹനത്തിന്റെ മറവിൽ ഒളിച്ചിരുന്ന ശേഷം അതുവഴി മറ്റ് സുഹൃത്തുക്കൾക്കൊപ്പം നടന്നുവരികയായിരുന്ന യുവതിക്ക് സർപ്രൈസ് ആയാണ് ഇവർ പിറന്നാളാഘോഷം ഒരുക്കിയത്. തുടർന്ന് അവിടെ നിന്നുതന്നെ കേക്ക് മുറിച്ച് ആഘോഷിച്ചു.
കേക്ക് മുറിക്കുന്നതോ ദൃശ്യം പകർത്തുന്നതോ ഒരാൾപോലും കണ്ടില്ലെന്നതാണ് ഏറെ ആശ്ചര്യകരം. സമൂഹ മാധ്യമങ്ങളിലൂടെ റീൽസ് പ്രചരിച്ചത് അറിഞ്ഞ സിറ്റി പൊലീസ് കമീഷണറാണ് കേസെടുക്കാൻ നിർദേശിച്ചത്.
പൊലീസെന്നാണ് ക്യാമ്പിലുണ്ടായിരുന്ന പൊലീസുകാരോട് യുവാക്കൾ പരിചയപ്പെടുത്തിയത്. പൊലീസ് കാന്റീൻ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഭാഗത്താണ് സംഭവം. സേനക്ക് നാണക്കേടുണ്ടാക്കി, അന്തസ്സിന് കളങ്കം വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറിലുള്ളത്. ടൗൺ എസ്.ഐ വി.വി. ദീപ്തിയാണ് കേസന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

